
സുൽത്താൻ ബത്തേരി: പാരലൽ സർവീസിന്റെ പേരിൽ സ്വകാര്യബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബത്തേരിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. സുൽത്താൻ ബത്തേരി കല്ലൂർ റൂട്ടിലോടുന്ന രുദ്രപ്രയാഗ് ബസിലെ ജീവനക്കാരനായ ഉദിത്ത് (35) ബത്തേരി ഗാന്ധി ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിലെ മണി(38)എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് മൂലങ്കാവിൽ വെച്ചായിരുന്നു സംഭവം.
ബസുകൾക്ക് മുന്നിലായി പാരലൽ സർവീസായി ഓട്ടോറിക്ഷകൾ ലോക്കൽ സർവീസ് നടത്തുന്നുവെന്നതിനെചൊല്ലിയാണ് മൂലങ്കാവിൽവെച്ച് ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായത്. പാരലൽ സർവീസ് നടത്തുന്നത് സംബന്ധിച്ച് ആർ.ടി.ഒക്ക് പരാതി നൽകിയപ്പോൾ പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ദൃശ്യങ്ങൾ എടുത്തു നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് ഓട്ടോറിക്ഷയിൽ യാത്രക്കാരെ കയറ്റുന്നത് മൊബൈൽ ഫോണിൽ എടുത്തതാണ് ശനിയാഴ്ചത്തെ സംഘർഷത്തിന് കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
വൈകിട്ട് സർവ്വീസ് നിർത്തി പോവുകയായിരുന്ന ഉദിത്തിനെ ഒരു സംഘം ഓട്ടോ തൊഴിലാളികൾ മൂലങ്കാവിൽ വെച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അടുത്തകാലത്തായി ബത്തേരി മേഖലയിലെ പലറൂട്ടുകളിലും ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കവും നിലനിന്നിരുന്നു, ഇതിന്റെ തുടർച്ചയെന്നോണമാണ് ശനിയാഴ്ച വൈകിട്ടുണ്ടായ സംഘർഷം. ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബത്തേരിയിൽ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തിയത്. ബസ് സർവീസ് നടത്തുന്നതിന് സംരക്ഷണം നൽകുക, പാരലൽ സർവീസ് അവസാനിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടിസ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിയ ബസ് ജീവനക്കാർ പട്ടണത്തിൽ പ്രകടനവും നടത്തി.
ബസ് ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ബത്തേരി പട്ടണത്തിലെ ഓട്ടോ തൊഴിലാളികളും പ്രതിഷേധ പ്രകടനം നടത്തി. ഡ്രൈവറെ മർദ്ദിച്ച ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമാണെന്നും കോ-ഓർഡിനേഷൻ കമ്മറ്റി പറഞ്ഞു.
സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തും
സുൽത്താൻ ബത്തേരി: പണിമുടക്കിനെതുടർന്ന് നഗരസഭ ചെയർമാൻ ടി.കെ.രമേശിന്റെ അദ്ധ്യക്ഷതിയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് ഇരുകൂട്ടരുമായി നടന്ന ചർച്ചയെതുടർന്ന് ബസ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചു. പാരലൽ സർവീസ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും, നിയമലംഘനത്തിന് പൊലീസും ആർ.ടി.ഒയും കർശന നടപടിയെടുക്കാനും തീരുമാനിച്ചു. അടുത്ത ദിവസം ട്രാഫിക് ഉപദേശക സമിതി ചേർന്ന് കാര്യങ്ങൾ തീരുമാനിക്കാനും ധാരണയായി. ചർച്ചയിൽ ജനപ്രതിനിധികൾ,ഡി.വൈ.എസ്.പി, സി.ഐ, മോട്ടോർ വാഹനവകുപ്പ്, ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.