മാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെതിരെ പരാതി. വെള്ളമുണ്ട സ്വദേശിനിയും, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ തോറ്റതുമായി ബന്ധപ്പെട്ട് തന്നെ ബോഡി ഷെയിമിംഗ് നടത്തിയെന്നും പട്ടികവർഗ്ഗ വിഭാഗത്തെയും സ്ത്രീത്വത്തെയും അപമാനിച്ച എൻ.ഡി.അപ്പച്ചനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന പട്ടിക ജാതി പട്ടികവർഗ്ഗ കമ്മീഷനും, എസ്എംഎസ്ഡിവൈഎസ്പിക്കും പരാതി നൽകിയതായി യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനിൽ പട്ടികവർഗ്ഗ വനിതാ സംവരണ സീറ്റിൽ മത്സരിച്ച് തോൽക്കാൻ കാരണം തനിക്ക് സൗന്ദര്യം ഇല്ലാത്തതിനാൽ ആണെന്ന് യോഗത്തിൽ പറഞ്ഞതിന് തെളിവ് തന്റെ പക്കൽ ഉണ്ടെന്നും ഈ തെളിവുകൾ വച്ച് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വികരിക്കാത്തതിനാൽ താൻ ഏറെ മാനസിക വിഷമത്തിലാണെന്നും അവർ പറഞ്ഞു. അതിനാലാണ് പരാതിയുമായ് മുന്നോട്ട് പൊകുന്നത്. തന്നെ വ്യക്തിപരമായും സ്ത്രീത്വത്തെയും അവഹേളിച്ച ഡിസിസി പ്രസിഡന്റ് രാജിവയ്ക്കണമെന്നും യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.