
സുൽത്താൻ ബത്തേരി: ഒരു ഇടവേളക്ക് ശേഷം കടമാൻതോട്, തൊണ്ടാർ ജലപദ്ധതികൾ വീണ്ടും ചർച്ചയാകുന്നു. രണ്ട് പദ്ധതികളും ജനപിന്തുണയോടെ യാഥാർത്ഥ്യമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ശബ്ദമുയരുന്നത്.
സുൽത്താൻ ബത്തേരി താലൂക്കിലെ പുൽപ്പള്ളി കടമാൻതോട്, മാനന്തവാടി താലൂക്കിലെ എടവക തൊണ്ടാർ ജലസേചന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളാണ് ചൂട് പിടിക്കുന്നത്. വേനൽക്കാലത്ത് കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമരുന്ന പുൽപ്പള്ളി ,മുള്ളൻകൊല്ലി പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം കടമാൻതോട് പദ്ധതി അനിവാര്യതയാണെന്ന അഭിപ്രായമാണ് ജനങ്ങളിൽ ഒരു വിഭാഗത്തിന്. എന്നാൽ അണ നിർമ്മിക്കുമ്പോൾ വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങളിലുള്ളവർ പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ്.
തൊണ്ടാർ പദ്ധതിയുമായി ബന്ധപ്പെട്ടും ജനം രണ്ട് തട്ടിലാണ്. ഇടത്തരം തടയണകളാണ് നിർമ്മിക്കേണ്ടതെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.
കബനി സബ് ബേസിൽ നിന്നും കേരളത്തിന് അനുവദിച്ച 12 ടി.എം.സി ജലം ഉപയോഗപ്പെടുത്തുന്നതിന് ജലവിഭവ വകുപ്പ് ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടതാണ് കടമാൻതോട്, തൊണ്ടാർ പദ്ധതികൾ. നൂൽപ്പുഴ, ചുണ്ടാലി, കല്ലാമ്പതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, പെരിങ്ങോട്ടുപുഴ എന്നിവയാണ് മറ്റ് പദ്ധതികൾ.
തദ്ദേശവാസികളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം ഈ പദ്ധതികളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ജലവിഭവ വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കടമാൻതോട് ,തൊണ്ടാർ പദ്ധതികൾ ജനപിന്തുണയോടെ പൂർത്തിയാക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായി മന്ത്രി പറഞ്ഞത്. വയനാട്ടിൽ ജലസംഭരണത്തിന് കൂടുതൽ അണകൾ ആവശ്യമാണെന്നും അദേഹം പറഞ്ഞു.
1990-ൽ രൂപീകരിച്ച കാവേരി നദിജല ട്രൈബ്യുണലിന്റെ 2007-ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തിൽ 21 ടി.എം.സി വയനാടിന് അവകാശപ്പെട്ടതാണ്. ഇതിൽ ഏകദേശം 9 ടി.എം.സി വെള്ളമാണ് ബാണാസുര,കാരപ്പുഴ അണകളിലടക്കം ജില്ലയിൽ ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം കർണാടകയിലേക്ക് ഒഴുകുകയാണ്. കാരപ്പുഴ അണയുടെ സംഭരണ ശേഷി 2. 78-ഉും, ബാണാസുരയുടെത് 6.7 ടി.എം.സിയുമാണ്. കബനി ജലത്തിൽ 21 ടി.എം.സി ഉപയോഗിക്കാൻ കാവേരി നദിജല തർക്ക ട്രൈബ്യുണൽ കേരളത്തിന് നൽകിയ അനുമതിക്ക് 2034 ഫെബ്രുവരി വരെയാണ് കാലാവധി.
കബനിയിലൂടെ കർണാടകയിലേക്ക് പ്രവഹിക്കുന്നതിൽ 0. 697 ടി.എം.സി വെള്ളം ഉപയോഗപ്പെടുത്തുകയാണ് കടമാൻതോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി 1.53 ടി.എം.സി ജലം ഉപയോഗിക്കാൻ കാവേരി ട്രൈബ്യുണലിന്റെ അനുമതിയുണ്ട്.
പുൽപ്പള്ളി ആനപ്പാറയിൽ കബനി നദിയുടെ കൈവഴിയായ കടമാൻതോടിന് കുറുകെ അണ നിർമ്മിച്ച് സംഭരിക്കുന്ന ജലം 1940 ഹെക്ടറിൽ കൃഷിക്ക് ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 28 മീറ്റർ ഉയരവും 490 മീറ്റർ നീളവും 1639 ഹെക്ടർ വൃഷ്ടിപ്രദേശവുമാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ 123. 61 ഹെക്ടർ വിസ്തൃതിയിൽ ജലാശയം രൂപപ്പെടും. 0.3 ടി.എം.സി ജലോപയോഗമാണ് തൊണ്ടാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എടവക പഞ്ചായത്തിലെ മൂളിത്തോടിന് കുറുകെയാണ് പദ്ധതി.