കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെയും, ജന വിരുദ്ധ നയങ്ങൾക്കെതിരെയും സി.പി.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 17ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് മണ്ഡല കേന്ദ്രങ്ങളിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും. രണ്ട് പ്രളയങ്ങളിലും കേരളത്തിന് അർഹതപ്പെട്ട സഹായം അനുവദിച്ചില്ല, വികസന പദ്ധതികൾ നിസാര കാര്യങ്ങൾ പറഞ്ഞ് തടസപെടുത്തുന്നു, റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കാൻ തീരുമാനിച്ചു, എൻ.ആർ.ഇ.ജി , ജി.എസ്.ടി കുടിശിക, തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു,

പരമ്പരാഗത സ്വത്തുക്കളും, സമ്പത്തും വിറ്റൊഴിക്കുന്നു, കൊവിഡിനെ മറയാക്കി കോർപ്പറേറ്റ് അജണ്ട നടപ്പിലാക്കുന്നു, കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. മാർച്ചിന്റെ പ്രചരണാർത്ഥം 14, 15 തീയ്യതികളിൽ ആറ് മണ്ഡലങ്ങളിലും വാഹന ജാഥകൾ നടത്തും. പനമരം മണ്ഡലം ജാഥ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും.

പനമരത്ത് തുടങ്ങി മക്കിയാട് സമാപിക്കും. മാനന്തവാടി മണ്ഡലം ജാഥ തൃശിലേരിയിൽ ഇ. ജെ ബാബു ഉദ്ഘാടനം ചെയ്യും. നാലാം മൈലിൽ സമാപിക്കും. കൽപ്പറ്റ മണ്ഡലം ജാഥ ചൂരൽമലയിൽ ഡോ. അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്യും. മുണ്ടേരിയിലാണ് സമാപനം. വൈത്തിരി മണ്ഡലം ജാഥ സംസ്ഥാന കൗൺസിൽ അംഗം പി.കെ മൂർത്തി ഉദ്ഘാടനം ചെയ്യും. ചുണ്ടയിൽ ആരംഭിച്ച് പടിഞ്ഞാറത്തറയിൽ സമാപിക്കും. സുൽത്താൻ ബത്തേരി മണ്ഡലം ജാഥ അഡ്വ. കെ ഗീവർഗീസ് ഉദ്ഘാടനം ചെയ്യും. ചൂതുപാറയിൽ തുടങ്ങി ചീരാലിൽ അവസാനിക്കും. പുൽപ്പളളി മണ്ഡലം ജാഥ സി എസ് സ്റ്റാലിൻ ഉദ്ഘാചനം ചെയ്യും. മുളളൻകൊല്ലിയിൽ തുടങ്ങി വാകേരിയിൽ സമാപിക്കും. 17 ന് നടക്കുന്ന കൽപറ്റ ടെലിഫോൺ എക്സ്‌ചേഞ്ച് മാർച്ച് വിജയൻ ചെറുകരയും, സുൽത്താൻ ബത്തേരി പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി സുനീറും, മാനന്തവാടി പോസ്റ്റ് ഓഫീസ് മാർച്ച് പി.കെ മൂർത്തിയും ഉദ്ഘാടനം ചെയ്യും.