
തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ അരമംഗലം കോളനിയിലേക്കുള്ള പാലം തകർന്നിട്ട് പത്തു വർഷത്തോളമാകുന്നു. പുതിയപാലം വരുമെന്ന് അരമംഗലം കോളനിവാസികൾ കേൾക്കാൻ തുടങ്ങിയിട്ടും അത്രത്തന്നെ കാലമാകുന്നു. വിദ്യാർത്ഥികളും പ്രായമായവരും രോഗികളുമടക്കമുള്ള കോളനി നിവാസികളുടെ ഏക ആശ്രയമാണിത്. ആദിവാസികളടക്കം നൂറിലധികം പേർ താമസിക്കുന്ന അരമംഗലം കോളനി ഭാഗത്തേക്കുള്ള ഏകയാത്രാ മാർഗമാണ് ഈ പാലം. നിർമ്മാണത്തിലെ അപാകതയും മലവെള്ളപ്പാച്ചിലും മൂലമാണ് പാലം പാടെ തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സ്‌കൂളിലേക്ക് പാലത്തിലൂടെയുള്ള വിദ്യാർത്ഥികളുടെ യാത്ര ഏറെ അപകടംപിടിച്ചതാണ്. പല രക്ഷിതാക്കളും ഭയത്തോടെയാണ് കുട്ടികളെ സ്കൂളിലേയ്ക്ക് അയക്കുന്നത്. തോട്ടിൽ വെള്ളം കൂടിയാൽ ഇവിടത്തെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാറില്ല. പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും കാര്യമുണ്ടായില്ല. പാലം യാഥാർത്ഥ്യമാകാൻ ഏതെങ്കിലും വലിയ ദുരന്തം വരാൻ കാത്തിരിക്കണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.