കൽപ്പറ്റ: സൗന്ദര്യമുള്ളവരെ മാത്രം സ്ഥാനാർഥിയാക്കുക എന്നതാണോ കോൺഗ്രസ് നയമെന്ന് വ്യക്തമാക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. കാണാൻ മെനയുള്ളവരെ സ്ഥാനാർഥിയാക്കാത്തതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് ഡിസിസി അദ്ധ്യക്ഷൻ പറഞ്ഞത് ഗൗരവത്തോടെ കാണണം. യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ആദിവാസി യുവതിയെയാണ് അധിക്ഷേപിച്ചത്. ഇതിനെതിരെ യുവതി രാഹുൽ ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നത് ആ പാർട്ടിയിൽ സ്ത്രീകളുടെ നില പരിതാപകരമാണെന്നാണ് വ്യക്തമാക്കുന്നത്. ആദിവാസി യുവതിക്കെതിരെ ഡിസിസി അദ്ധ്യക്ഷൻ നടത്തിയതെന്ന് പറയുന്ന അധിക്ഷേപങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല. സ്ത്രീ എന്ന നിലയിലയും ആദിവാസി എന്ന നിലയിലും യുവതി ഏറെ അപമാനിക്കപ്പെട്ടിരിക്കുകയാണ്.
മഹിള കോൺഗ്രസ് നേതാക്കൾ പോലും പരാതിക്കാരിയായ യുവതിയെ സന്ദർശിക്കുകയോ പിന്തുണ നൽകുകയോ ചെയ്തില്ലെന്നത് ലജ്ജാകരമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പി.ആർ.നിർമ്മല, സെക്രട്ടറി ബീന വിജയൻ, രുക്മിണി സുബ്രഹ്മണ്യൻ, എൽസി ജോർജ് എന്നിവർ സംസാരിച്ചു.