മാനന്തവാടി: ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജി. വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് എം.ജെ.ജോസ്, ജനറൽ സെക്രട്ടറിമാരായ കെ.ഷറഫലി, ലിയോ ജാക്കോ, കെ.എസ്.സുചിത്ര, സ്‌നേഹ എബ്രഹാം, സനീഷ് പെരുവടി എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. മാനന്തവാടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഗോത്രവിഭാഗത്തിൽപെട്ട വിജിതയെ കുറിച്ച് ഡിസിസി പ്രസിഡന്റ് മോശമായി പ്രസംഗിച്ചതിനെതിരെ വിജിത നൽകിയ പരാതിയിൽ സത്യമാണെന്ന് തെളിവുകൾ സഹിതം വ്യക്തമായിട്ടും പാർട്ടി വിജിതയോടൊപ്പം നിൽക്കേണ്ടതിന് പകരം ഡിസിസി പ്രസിഡന്റിനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കെതിരെ പാർട്ടി നടപടി എടുത്തു. യൂത്ത് കോൺഗ്രസ്സ് നേതാവായ യുവതിക്ക് സംരക്ഷണം നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

എൻ.ഡി.അപ്പച്ചൻ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്

തിരുനെല്ലി: യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും വനിതാ നേതാവുമായ വിജിതയെ പൊതുയോഗത്തിൽ വച്ച് പരസ്യമായി അപമാനിക്കുകയും അപഹസിക്കുകയും ചെയ്ത ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.