മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന് 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പനമരം ചെറുപുഴ പാലം മാറ്റി പുതിയ പാലം പണിയുന്നതിനാണ് തുക അനുവദിച്ചത്.

മാനന്തവാടിയിൽ നിന്ന് നടവയൽ വഴി സുൽത്താൻ ബത്തേരിക്ക് പോകുന്ന റോഡിലെ പാലമാണ് ഇത്. ഏറെ പഴക്കമുള്ള ഇടുങ്ങിയ പാലമാണ് നിലവിൽ ഉള്ളത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ പാലത്തിന്റെ ശോചനീയാവസ്ഥ മൂലം ഗതാഗത കുരുക്ക് പതിവായിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഈ പാലത്തിന്റെ ശോചനീയാവസ്ഥ നേരിൽ വന്ന് കണ്ട് ബോധ്യപ്പെട്ടിരുന്നു. കൂടാതെ മാനന്തവാടി എം.എൽ.എ ഒ.ആർ.കേളുവിന്റെ നിരന്തര ഇടപെടലുകളാണ് പുതിയ പാലത്തിന് വഴിയൊരുക്കിയത്.

നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. നിലവിൽ ബീനാച്ചി മുതൽ പനമരം വരെ കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണ പ്രവർത്തി നടന്നു വരികയാണ്. എന്നാൽ പ്രസ്തുത പ്രവർത്തിയിൽ ഈ പാലം ഉൾപ്പെട്ടിരുന്നില്ല. പാലം പണി പൂർത്തിയാവുന്നതോടെ മാനന്തവാടിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രാക്ലേശത്തിന് അറുതിവരും.