സുൽത്താൻ ബത്തേരി: കുടലുകൾ ഒട്ടിച്ചേരുന്ന ഗുരുതര രോഗം ബാധിച്ച് ചികിൽസയിലായിരുന്ന കൈപ്പഞ്ചേരി ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപിക സിജിയുടെ ബാങ്ക് വായ്പ കുടിശിക ബാങ്ക് ജീവനക്കാർ അടച്ചു തീർത്തു.
കേരള ബാങ്ക് ബത്തേരി സായാഹ്ന ശാഖയിൽ സിജിയുടെ പിതാവിന്റെ പേരിലുണ്ടായിരുന്ന 2.17 ലക്ഷം രൂപയാണ് കേരള ബാങ്കിന്റെ ജില്ലയിലെ വിവിധ ശാഖകളിലെ ജീവനക്കാർ ചേർന്ന് അടച്ചു തീർത്തത്. വായ്പ കുടിശിക സിജിയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കി വരുകയായിരുന്നു. സിജിയുടെ സ്ഥിതി മനസിലാക്കിയാണ്. ബാങ്കിലടയ്ക്കാനുള്ള തുക ജീവനക്കാർ അടയ്ക്കാൻ തീരുമാനിച്ചത്. വായ്പാ കുടിശികയ്ക്ക് ആനുപാതികമായ തുക ജീവനക്കാർ പിരിവിട്ടെടുത്ത് അടച്ച് രേഖകൾ തിരിച്ചു നൽകുകയായിരുന്നു.
ബ്രാഞ്ച് മാനേജർ കെ.കെ.ഹരിലാലിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ കുടുംബത്തിന്റെ ഇടപാട് തീർത്ത് രേഖകൾ തിരികെ നൽകി.