
സുൽത്താൻ ബത്തേരി: വയനാട് കോളനൈസേഷൻ സ്‌കീം പട്ടയ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ നിരസിക്കാൻ പാടില്ലെന്ന് ഹൈക്കോടതി. ചുള്ളിയോട് സ്വദേശി എം.ജെ.സാബുവും കൊന്നച്ചാൽ സ്വദേശി രാജേശ്വരി പരമനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. സാബുവിന്റെയും രാജേശ്വരിയുടെയും കെട്ടിട നിർമ്മാണ അപേക്ഷകൾ നെന്മേനി ഗ്രാമപഞ്ചായത്ത് നിരസിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡബ്ല്യു.സി.എസ് പട്ടയങ്ങളിൽ കെട്ടിട നിർമ്മാണങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. പെട്രോൾ പമ്പും കടമുറിയും നിർമ്മിക്കുന്നതിനാണ് ഇവർ പഞ്ചായത്തിൽ അപേക്ഷ നൽകിയത്.