കൽപ്പറ്റ: യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എറമ്പയിൽ മുസ്തഫ യൂത്ത്‌കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ഡി.സി.സി പ്രസിഡന്റ് അപമാനിച്ച യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറിയായ ആദിവാസി യുവതിയുടെ പരാതിയിൽ സത്യമുണ്ടെന്ന് വ്യക്തമായിട്ടും യുവതിക്കൊപ്പം നിൽക്കാൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നാരോപിച്ചാണ് രാജി. മതം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്നവർക്കേ കോൺഗ്രസിൽ സംരക്ഷണമുള്ളൂവെന്നും ഈ സാഹചര്യത്തിൽ കോൺഗ്രസിൽ തുടരാൻ താൽപ്പര്യമില്ലാത്തതിനാൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ മതനേതാക്കൾ ശുപാർശ ചെയ്യുന്നവർക്കേ നൽകുന്നുള്ളൂ. പാർട്ടിക്ക് വേണ്ടി സമരം ചെയ്ത് കേസുകളിൽ പ്രതികളായവരെയൊക്കെ അവഗണിച്ചാണ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവർക്ക് നിയമനങ്ങൾ നൽകുന്നത്. ഇതിനെതിരെ ശബ്ദിക്കാൻ യുത്ത് കോൺഗ്രസിന് കഴിയുന്നില്ല. വയനാട് കോൺഗ്രസിൽ ഇന്ന് നടക്കുന്നത് ജാതിയും മതവും വേർതിരിച്ചുള്ള രാഷ്ട്രീയമാണെന്നും മതേതരത്വം പ്രസംഗത്തിൽ മാത്രം ഒതുങ്ങുന്നതായും മുസ്തഫ കുറ്റപ്പെടുത്തി.