മാനന്തവാടി: കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ആറാട്ടുതറ ഡിവിഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ മാർഗരറ്റ് തോമസ് നഗരസഭ ഡിവിഷൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.എം മാനന്തവാടി ടൗൺ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ ഭരണസ്വാധീനം ഉപയോഗിച്ച് കുടുംബശ്രീ അംഗങ്ങളെ വാഗ്ദാനങ്ങൾ നൽകി സ്വാധീനിക്കാൻ ശ്രമിച്ചിട്ടും 22 വോട്ട് മാത്രമാണ് മാർഗരറ്റ് തോമസിന് നേടാൻ സാധിച്ചതെന്നും ഡിവിഷനിലെ ഭൂരിപക്ഷം കുടുംബശ്രീ അംഗങ്ങളുടെയടക്കം വിശ്വാസം നഷ്ടപ്പെട്ട മാർഗരറ്റ് തോമസിന് ഡിവിഷൻ കൗൺസിലർ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും സി.പി.എം മാനന്തവാടി ടൗൺ ലോക്കൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. മാർഗരറ്റ് തോമസിന്റെ നേതൃത്വത്തിൽ മത്സരിച്ച പാനലിനെതിരെ ആറാട്ടുതറ ഡിവിഷൻ സി.ഡി.എസ് സെക്രട്ടറിയായിരുന്ന ഡോളി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനൽ വലിയ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 83 വോട്ടിൽ 77 വോട്ട് നേടിയ ഡോളി രഞ്ജിത് ആറാട്ടുതറ സി.ഡി.എസ് പ്രസിഡന്റായും രാധാ മോഹൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ഒരു വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാർഗരറ്റ് തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. സാധുവായ വോട്ട് അസാധുവാക്കിയതായി ചൂണ്ടിക്കാണിച്ച് എതിർസ്ഥാനാർത്ഥിയായി മത്സരിച്ച ഡോളി രഞ്ജിത് തിരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.