കൽപ്പറ്റ: ഇന്നലെ അന്തരിച്ച ട്രേഡ് യൂണിയൻ നേതാവും കാൽനൂറ്റാണ്ടുകാലം ജില്ലയിൽ സി.പി.എമ്മിനെ നയിച്ച വ്യക്തിയുമായ പി.എ.മുഹമ്മദ് തികച്ചും ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ലളിതമായ ജീവിത ശൈലിയിലൂടെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ പി.എ.മുഹമ്മദ് ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. രാഷ്ട്രീയഭേദമെന്യേ എല്ലാവരുടെയും ആദരവ് പിടിച്ച് പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വൈത്തിരി ചേലോട് ഗുഡ്‌ഷെപ്പേർഡ് ആശുപത്രിയിൽ വച്ച് ഇന്നലെ പകൽ 11.30 ഓടെയായിരുന്നു അന്ത്യം. പകൽ രണ്ടോടെ മൃതദേഹം കൽപ്പറ്റയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. വൈകിട്ട് ആറോടെ വിലാപയാത്രയായി മേപ്പാടി പാലവയിലെ വീട്ടിലെത്തിച്ച മൃതദേഹം ഒമ്പതോടെ കാപ്പുംകൊല്ലി ജുമാമസ്ദിജിൽ സംസ്‌കരിച്ചു.
ജില്ലാ കമ്മറ്റി ഒാഫീസിൽ ജീവിതത്തിന്റെ നാനാ തുറകളിലുളളവരാണ് പി.എക്ക് അന്തിമോചാരം അർപ്പിക്കാനെത്തിയത്.
സ്‌കൂൾ പഠനകാലം മുതൽ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ വീട്ടിൽനിന്ന് പിതാവ് ഇറക്കി വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. എ.കെ.ജി ഉൾപ്പെടെയുളള കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള സഹവാസവും പരന്ന വായനയും പി എയിലെ പോരാട്ട വീര്യത്തിന് ഉർജ്ജം പകർന്നു.
അടിയന്തരാവസ്ഥക്കാലത്ത് കോളജ് വിദ്യാർത്ഥിയായിരുന്ന തന്നെ ഇടതുപക്ഷത്തോടടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാക്കളിലൊരാളായിരുന്നു പി.എ.മുഹമ്മദെന്ന് എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഒ.കെ.ജോണി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും ഒ.കെ.ജോണി പറഞ്ഞു.