സുൽത്താൻ ബത്തേരി : ആയിരക്കണക്കിന് രോഗികൾ നിത്യാേന ആശ്രയിക്കുന്ന സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി ഒരു വർഷം കഴിഞ്ഞിട്ടും ജില്ലാ ആശുപത്രി ഇല്ലാത്തതാണ് ഈ ആവശ്യം ശക്തമാകാൻ കാരണം. എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുള്ള സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി എന്തുകൊണ്ടും ജില്ലാ ആശുപത്രിയാക്കാൻ അനുയോജ്യമാണെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം. ആറ് നിലകളിലായി പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്.
നബാർഡ് ഫണ്ട് ഉപയോഗിച്ച് 25 കോടി രൂപ ചെലവിൽ ആറ് നിലയുള്ള മാതൃശിശു ആശുപത്രിയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. ഫെയർലാന്റിൽ തന്നെയുള്ള ആശുപത്രി സമുച്ചയത്തിലെ പഴയ രണ്ട് നില ബ്ലോക്ക് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 45 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനവും നടക്കുന്നു.ഇവിടെ ഒരു ഓപ്പറേഷൻ യൂണിറ്റും പോസ്റ്റ് ഓപ്പറേഷൻ വാർഡും ഉണ്ടാകും കൂടാതെ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കുന്ന 16 ഒ.പികളും ഇങ്ങോട്ട് മാറ്റും. നാല് വിൻഡോകളുള്ള വലിയ ഫാർമസി ഈ ബ്ലോക്കിലേക്ക് വരും. ഇതോടുകൂടി ഭൗതിക സാഹചര്യങ്ങൾ കൂടുതലുള്ള സർക്കാർ ആശുപത്രിയായി സുൽത്താൻ ബത്തേരി മാറും.
ഒരേ സമയം പത്ത് പേരെ ഡയാലിസിസ് ചെയ്യാൻ കഴിയുന്ന യൂണിറ്റും പ്രവർത്തിക്കുന്നു. എക്സറേ,ബ്ലഡ് ബാങ്ക്, പബ്ലിക് ഹെൽത്ത് ലാബ്, വൈറോളജി ലാബ്, ജില്ലാ കൊവിഡ് പരിശോധനകേന്ദ്രം,എന്നിവയെല്ലാം താലൂക്ക് ആശുപത്രിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലാണ് ജില്ലാ ആശുപത്രി പ്രവർത്തിച്ചിരുന്നത്. ജില്ലാ ആശുപത്രി ഇല്ലാതായതോടെ ആശുപത്രി ഫണ്ട് എന്തുചെയ്യുമെന്നറിയാതെ ജില്ലാ പഞ്ചായത്തും ആശങ്കയിലാണ്. ബത്തേരി താലൂക്ക് ആശുപത്രി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഇവിടെ വികസനങ്ങൾ എത്തിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്ന പരിമിതമായ ഫണ്ട് തികയുന്നുമില്ല. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയാൽ ജില്ലാ പഞ്ചായത്ത് നോൺ റോഡ് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിലും മറ്റും വകയിരുത്തുന്ന തുക ആശുപത്രിയുടെ വികസനത്തിന് നൽകാൻകഴിയും.
താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ ഇങ്ങനെ
പീഡിയാട്രിക്, നവജാതശിശു, മെഡിക്കൽ, സർജിക്കൽ ഐ.സിയുകൾ എന്നിവയുമുണ്ട് . ഗൈനക്കോളജി, ഇ.എൻ.ടി, ജനറൽ, ഓർത്തോ വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ ,പെയിൻ ആൻഡ് പാലിയേറ്റീവ് സ്‌പെഷ്യൽ വാർഡ്, ഐസലേഷൻ വാർഡ് ,ഫാർമസി.