മാവേലിക്കര: സംസ്ഥാന യുവജന ക്ഷേമ ബോർഡ് പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ രൂപീകരിക്കുന്ന കേരള വോളണ്ടയറി​ യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ ക്യാപ്റ്റൻമാരായി തി​രഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലനം മാവേലിക്കര പുന്നമൂട് ജീവാരാം ബഥനി ആശ്രമത്തിൽ ഇന്ന് രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 13 വരെ നടക്കുന്ന പരിശീലനത്തി​ൽ എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ടി.ടി ജിസ്‌മോൻ ആമുഖ പ്രഭാഷണം നടത്തും. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും.

13 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർഡംഗം എസ്.ദീപു അദ്ധ്യക്ഷനാവും. എം.എൽ.എമാരായ യു.പ്രതിഭ, രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി എന്നിവർ വിവിധ ദിവസങ്ങളിൽ ക്യാമ്പ് സന്ദർശിക്കും.
പൊലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന, എക്‌സൈസ്, ആരോഗ്യം, പാലിയേറ്റീവ് കെയർ എന്നീ വിഭാഗങ്ങൾ പരിശീലനം നൽകും. പ്രകൃതി ദുരന്തങ്ങൾ തുടങ്ങി​യ അപകടങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളെ സുരക്ഷിതരാക്കുന്നതിന് യുവജനങ്ങളെ പ്രാപ്തരാക്കി തദ്ദേശ തലത്തിൽ വോളണ്ടി​യർ സേന രൂപീകരിക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ജയിംസ് ശാമുവേൽ പറഞ്ഞു.