s

ആലപ്പുഴ : വേമ്പനാട് കായലിൽ മുൻ വർഷങ്ങളേക്കാൾ പുളിരസവും ലവണവും വർദ്ധിച്ചതായി കുട്ടനാട് കായൽ-കൃഷി ഗവേണകേന്ദ്രത്തിന്റെ പുതിയ പഠനത്തിൽ കണ്ടെത്തി. കായലിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ കടലിൽ നിന്ന് ഉപ്പുവെള്ളം കൂടുതലായി കയറുന്നുണ്ട്. വേമ്പനാട് കായലിൽ കോളിഫോം ബാക്ടീരി​യയുടെ സാന്നിദ്ധ്യം 1000ത്തിന് മുകളിലാണ് ഇപ്പോൾ. ഇത് 100ൽ കൂടുതൽ ഉയരാൻ പാടില്ലാത്തതാണ് . മലിനമായ വെള്ളത്തിൽ കുളിക്കുന്നവർക്കു ദേഹത്ത് ചൊറിച്ചിലും കണ്ണിനു നീറ്റലും അനുഭവപ്പെടുന്നുണ്ട് . വൈക്കം മുതൽ തൃക്കുന്നപ്പുഴവരെയുള്ള ജലത്തി​ലാണ് പഠനം നടത്തിയത്.

കാലാവസ്ഥ വ്യതിയാനമാണ് വേമ്പനാട് കായൽ മലിനമാകുന്നതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. കുട്ടനാടിന്റെ വടക്ക് ഭാഗത്താണ് മലിനീകരണം കൂടുതൽ. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ച് തോടുകളിലെ ഒഴുക്ക് നിലച്ചതോടെ പോള ശല്യവും തുടങ്ങി. കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന തോടുകളിൽ പോള കയറി നിറയാൻ തുടങ്ങി. പോള നിറയുന്നത് ജലഗതാഗതത്തിനും തടസമാണ്. ഇത് മുഹമ്മ- കുമരകം, മുഹമ്മ-ആലപ്പുഴ ബോട്ട് സർവീസിനെയും ബാധിക്കും.

കായലിൽ ഉപ്പ്, പുളിരസം വർദ്ധിക്കുന്നതതിനാൽ കക്ക, കൊഞ്ച് എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നുണ്ട്. ഖരലോഹങ്ങൾ ലയിച്ച് ചേരുന്നതിനാൽ പ്രദേശവാസികൾക്ക് കാൻസർ രോഗം വരാൻ സാദ്ധ്യതയേറയാണ്.

മരിക്കുന്ന വേമ്പനാട്

1. കീടനാശിനികൾ കലർന്ന് ജലം മലിനമാകുന്നു

2. പോളയും മറ്റും ചീഞ്ഞ് ദുർഗന്ധം വമിക്കുന്നു

3. കായലിന്റെ വിസ്തൃതിയും ആഴവും കുറയുന്നു

4. കായലിലെ മത്സ്യസമ്പത്ത് നശിക്കുന്നു

വേമ്പനാട്ടു കായലിലെ വെള്ളത്തിൽ

ലവണത്വ അളവ്........................0-23.1 പി.പി.ടി

ഫോസ്ഫേറ്റ്...................................0.04-15.4 എം.ജി/ലിറ്റർ

നൈട്രേറ്റ്....................................0-7.12 എം.ജി/ലിറ്റർ

പി.എച്ച്........................................5-8.5

പ്രാണവായു..............................0-08-12.4 എം.ജി/ലിറ്റർ

ട്രാൻസ്പെരൻസി........................0.3-80 സെന്റിമീറ്റർ

മണ്ണിലെ ജൈവ കാർബൺ.....0-9 ശതമാനം

'' 2010 മുതൽ വേമ്പനാട് കായലിൽ ജല,പരിസ്ഥിരി പരിശോധന നടത്തുന്നുണ്ട്. ഓരോ വർഷവും മാലിന്യ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കായലിലെ ജലത്തിന്റെ ലവണത്വം അസാധാരണമായി വർദ്ധിക്കുന്നു. വൈക്കം മുതൽ തൃക്കുന്നപ്പുഴ വരെയുള്ള ജല പരിശോധനയിൽ കുട്ടനാടിന്റെ വടക്ക് ഭാഗത്താണ് മലിനീകരണം കൂടുതലായി കണ്ടെത്തിയത്

-(ഡോ.കെ.ജി.പദ്മകുമാർ, കുട്ടനാട് കായൽ-കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ)