
ആലപ്പുഴ: അയൽക്കൂട്ടം മുതൽ സി.ഡി.എസ് വരെയുള്ള ഘടകങ്ങളിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതോടെ സംഘടനാ പരിശീലനം ഒരുക്കാൻ തയ്യാറെടുത്ത് കുടുംബശ്രീ മിഷൻ. രണ്ട് തവണ ഭാരവാഹികളായവർക്ക് മത്സരിക്കാൻ ഇത്തവണ അവസരമില്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ടവരിലേറെയും പുതുമുഖങ്ങളാണ്. ഈ സാഹര്യത്തിലാണ് പരിശീലനമൊരുക്കുന്നത്. ഭാരവാഹികൾക്ക് പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. കൊവിഡ് സാഹചര്യത്തിൽ എല്ലാവരെയും നേരിട്ട് വിളിച്ചുവരുത്തി പരിശീലനം നൽകാൻ കഴിയാത്തതിനാൽ ഓൺലൈനിലൂടെയാകും ക്ലാസുകൾ.
ജില്ലയിൽ 21,983 അയൽക്കൂട്ടങ്ങളിലായി 3,19,289 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 21,377അയൽക്കൂട്ടങ്ങളിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. ശേഷിച്ച അയൽക്കൂട്ടങ്ങളിലും 80 സി.ഡി.എസുകളിലും ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുള്ള നടപടികൾ അവസാനഘട്ടത്തിലായപ്പോഴാണ് കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. അയൽക്കൂട്ടം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കലാണ് സി.ഡി.എസ് ഭാരവാഹികളുടെ മുഖ്യ ജോലി. കുടുംബശ്രീയുടെ തനത് ഫണ്ട് അടക്കം ലഭിക്കുന്നതിനാൽ പുതിയ ആശയങ്ങളും പദ്ധതികളുമെല്ലാം നടപ്പിൽ വരുത്താനുള്ള ഉത്തരവാദിത്വം സി.ഡി.എസ് ഭാരവാഹികൾക്കുണ്ട്.