
ആലപ്പുഴ: യുവതികളുടെ സാമൂഹിക, സാംസ്‌കാരിക ഉന്നമനവും ശാക്തീകരണവും ലക്ഷ്യംവച്ച് കുടുംബശ്രീ രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം സജീവമല്ലെന്ന ആക്ഷേപമുയരുന്നു. കഴിഞ്ഞ നവംബറിലാണ് സംസ്ഥാനമാകെ യുവതികളെ മാത്രം ഉൾപ്പെടുത്തി ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്.
ജില്ലയിൽ 18നും 40നും ഇടയിൽ പ്രായമുള്ള 23468 വനിതകളാണ് ഗ്രൂപ്പുകളുടെ ഭാഗമായത്. ഗ്രൂപ്പ് രൂപീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ആദ്യ രണ്ട് മാസങ്ങളിൽ പരിശീലനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പേരിന് ഒരു യോഗം പോലും പിന്നീട് ചേർന്നിട്ടില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. പന്ത്രണ്ട് മുതൽ അൻപത് അംഗങ്ങൾ വരെയാണ് ഓരോ ഗ്രൂപ്പിലുമുള്ളത്.
ലക്ഷക്കണക്കിന് കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണെങ്കിലും, യുവതികളുടെ എണ്ണം 10 ശതമാനം മാത്രമായിരുന്നതുകൊണ്ടാണ് യുവതികളെ ഉൾപ്പെടുത്തി ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്. ഇടക്കാലത്ത് സ്ത്രീപക്ഷ നവ കേരളം പോലുള്ള കാമ്പയിനിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെയാണ് ഓക്സിലറി ഗ്രൂപ്പുകൾ നിർജീവമാ
യതെന്ന് പറയപ്പെടുന്നു
കുടുംബശ്രീയിൽ പുതിയ ഭരണസമിതി വരണം
1.കുടുംബശ്രീയിൽ പുതിയ ഭരണസമിതി വരുന്നതിലെ കാലതാമസമാണ് ഓക്സിലറി ഗ്രൂപ്പുകളുടെ തുടർപ്രവർത്തനം വൈകിപ്പിച്ചത്
2.സി.ഡി.എസ്, എ.ഡി.എസ് തലത്തിൽ യോഗങ്ങൾ കൂടി വേണം ഓക്സിലറി ഗ്രൂപ്പിന്റെ തുടർപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യേണ്ടത്
3.കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം മാറ്റിവച്ചിരുന്നു.
4. ജില്ല എ കാറ്റഗറിയിൽ എത്തിയാലേ കുടുംബശ്രീയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിയൂ
ജില്ലയിൽ
ഓക്സിലറി ഗ്രൂപ്പുകൾ : 1367
അംഗങ്ങൾ : 23468
ഗ്രൂപ്പിന് നേതൃത്വം നൽകുന്ന അഞ്ചംഗ കമ്മിറ്റിക്കും, തുടർന്ന് എല്ലാ അംഗങ്ങൾക്കും ഓറിയന്റേഷൻ ക്ലാസുകളുകടക്കം നൽകാൻ നിശ്ചയിച്ചിരുന്നതാണ്. കുടുംബശ്രീയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിലെ കാലതാമസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ഭരണസമിതി നിലവിൽ വരുന്നതോടെ ഗ്രൂപ്പുകളുടെ പ്രവർത്തനം ഊർജ്ജിതമാകും
-കെ.ബി.അജയകുമാർ, അസി കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ