s

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തിൽ അടിക്കടിയുണ്ടായ വേലിയേറ്റത്തെ തുടർന്ന് ഇത്തവണ പതിവിലും നേരത്തെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചത് വേമ്പനാട്ട് കായലിൽ നിന്നുള്ള മത്സ്യലഭ്യതയിൽ വൻകുറവുണ്ടാക്കി. കാൽലക്ഷത്തോളം വരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെയാണ് ഇത് ദോഷകരമായി ബാധിക്കുന്നത്. ബണ്ടിന്റെ തെക്കു ഭാഗത്തു നിന്നുള്ള മത്സ്യലഭ്യത ഇപ്പോൾ തീരെ കുറഞ്ഞു.

വൃശ്ചിക വേലിയേറ്റത്തോടെ ബണ്ടിന്റെ വടക്കു ഭാഗത്തു നിന്ന് ഇവിടേക്ക് മത്സ്യങ്ങൾ എത്തുന്നതിന് മുമ്പ് ഷട്ടറുകൾ താഴ്ത്തിയതാണ് കാരണം. ഇതോടെ മുഹമ്മ, തണ്ണീർമുക്കം, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗമടഞ്ഞു. കായലിലെ മത്സ്യസമ്പത്ത് ഒഴിയാതിരിക്കാൻ ആറ് വർഷത്തിനിടെ 1.3 കോടി രൂപ ചിലവഴിച്ച് വിവിധ ഇനങ്ങളിലുള്ള രണ്ടുകോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചിരുന്നു . കരിമീൻ, കൊഞ്ച്, ചെമ്മീൻ, കട്ട്‌ള , കാളാഞ്ചി, കണമ്പ്, കൊഴുവ, അറിഞ്ഞിൽ തുടങ്ങിയ ഇനം മത്സ്യങ്ങളാണ് ഇങ്ങനെ നിക്ഷേപിച്ചത്.

രണ്ടുമാസം മുമ്പ് അനുഭവപ്പെട്ട ശക്തമായ മഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചപ്പോൾ കായലിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഏതാനും ഷട്ടറുകൾ വേലിയിറക്ക സമയത്ത് തുറക്കുകയും വേലിയേറ്റ സമയത്ത് അടയ്ക്കുകയും ചെയ്തു. കാർഷിക മേഖലയിൽ ഉപ്പുവെള്ള ഭീഷണി ഉയർത്തുമെന്നതിനാൽ ഇത്തവണ പതിവിലും നേരത്തെ ഷട്ടറുകൾ പൂർണമായും അടച്ചു. ഇതോടെ നാരൻ, ചൂടൻ, കാര, തുടങ്ങിയ ചെമ്മീൻ ഇനങ്ങളും ഞണ്ട് വർഗങ്ങളും കണമ്പ്, പൂമീൻ, വറ്റ, തെരണ്ടി തുടങ്ങിയ ഇനം മത്സ്യങ്ങളും ബണ്ടിന് തെക്കു ഭാഗത്ത് കായലിൽ കിട്ടാത്ത അവസ്ഥയായി. ഉപ്പുവെള്ളം കയറുന്നതിനു മുമ്പ് ഷട്ടറുകൾ അടയ്ക്കുന്നത് മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനത്തെ ബാധിച്ചു.

ഭീഷണിയായി മലിനീകരണം

1.ഹൗസ്‌ബോട്ട് മാലിന്യവും ജലവാഹനങ്ങളിൽ നിന്നുള്ള എണ്ണയും കായലിൽ കലരുന്നു

2.മത്സ്യസമ്പത്തിനെയും തൊഴിലാളികളെയും ഇത് ദോഷകരമായി ബാധിക്കും

3.പാടശേഖരങ്ങളിൽ നിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തും

4.മലിനജലത്തിലൂടെ മത്സ്യങ്ങൾണ്ടുണ്ടാകുന്ന വൈറസ് രോഗ ബാധയും ആശങ്കപ്പെടുത്തുന്നു.

വേമ്പനാട്ടുകായലിനെ ആശ്രയിക്കുന്ന ജില്ലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ : 25,000

കാണാമറയത്തായ മത്സ്യങ്ങൾ

 നാരൻ, ചൂടൻ, കാര, തുടങ്ങിയ ചെമ്മീൻ ഇനങ്ങൾ

 ഞണ്ട് വർഗങ്ങളും കണമ്പ്, പൂമീൻ, വറ്റ, തെരണ്ടി എന്നിവയും

 മുമ്പ് 250ലേറെ ഇനം നാടൻ മത്സ്യങ്ങൾ വേമ്പനാട്ട് കായലിലുണ്ടായിരുന്നു.

 നിലവിൽ 100ൽ താഴെ ഇനം മത്സ്യങ്ങളായി ചുരുങ്ങി

"ഷട്ടറുകൾ ഡിസംബർ 15ന് താഴ്ത്തുകയും മാർച്ച് 15ന്ഉയർത്തുകയും ചെയ്യുന്ന സമയക്രമം തെറ്റിച്ച് , വേലിയേറ്റത്തിന്റെ പേരിൽ തോന്നിയപോലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ പരീക്ഷണാർത്ഥം ഒരുവർഷം ഉയർത്തിവെയ്ക്കുമെന്ന കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പാക്കണം.

- വി. ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ