
ചേർത്തല : കൃഷിയിടങ്ങളിൽ വരമ്പു കോരുന്നതിൽ കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഒഴിവാക്കാൻ നവീന കണ്ടുപിടുത്തവുമായി യുവകർഷകൻ. ട്രാക്ടറിന് പിന്നിൽ പ്രത്യേക തരം മോൾഡ് ഉറപ്പിച്ച് വരമ്പ് കോരുന്ന വിദ്യയാണ് ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡ് കല്ലൂവീട്ടിൽ കെ.പി. പ്രശാന്ത് പരിചയപ്പെടുത്തുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ഹെക്ടറിൽ (രണ്ടര ഏക്കറിൽ) വരമ്പ് കോരുന്നതിന് 5 മണിക്കൂറിൽ താഴെ സമയം മതിയാകും. 40 ഓളം തൊഴിലാളികൾ ചെയ്ത് തീർക്കുന്ന ജോലിയാണ് 5 മണിക്കൂർ കൊണ്ട് ചെയ്യുന്നത്. തൊഴിലാളികൾക്ക് കൂലി ഇനത്തിൽ 35000ത്തോളം രൂപ ചിലവു വരുമെങ്കിൽ യന്ത്രമുപയോഗിക്കുമ്പോൾ 5000 രൂപ മാത്രമേ ചിലവ് വരൂ..
രണ്ട് വർഷമായി പ്രശാന്ത് മനസിൽ കൊണ്ടു നടന്ന ആഗ്രഹമാണ് പൂവണിഞ്ഞത്.കൊച്ചിയിൽ നിന്നാണ് ഇതിനുള്ള ഉരുക്ക് വാങ്ങിയത്. ഒരു വെൽഡറുടെ സഹായത്തോടെ യന്ത്രം നിർമ്മിച്ചു. ആദ്യം ഹാർഡ് ബോർഡ് കൊണ്ട് ഡമ്മി ഉണ്ടാക്കിയ ശേഷമായിരുന്നു നിർമ്മാണം. . 75000 രൂപയാണ് നിർമ്മാണ ചിലവ്. 15ാംവാർഡിലെ ഓണങ്ങചിറ പാടശേഖര സമിതി സെക്രട്ടറി ശശീന്ദ്രന്റെ പൂർണ പിന്തുണയും നിർമ്മാണത്തിന് സഹായകമായി.
യന്ത്രത്തിന്റെ പ്രവർത്തനം
ട്രാക്ടറിന്റെ പിന്നിൽ ഉരുക്കുകൊണ്ട് നിർമ്മിച്ച പ്രത്യേകതരം മോൾഡ് ഉറപ്പിച്ച് കൃഷിയിടത്തിൽ(നിലം/പുരയിടം) ഉഴുത് 25 സെന്റിമീറ്റർ ഉയരത്തിലും 50 സെന്റീമീറ്റർ വീതിയിലുമാണ് വരമ്പ് നിർമ്മിക്കുന്നത്. കൂടുതൽ ഉയരം ആവശ്യമെങ്കിൽ ഒരു തവണ കൂടി ട്രാക്ടർ ഓടിക്കണം. ട്രാക്ടറിന്റെ ഹാൻഡ് ലിവർ അഡ്ജസ്റ്റ് ചെയ്ത് മോൾഡിന്റെ ഇരുവശങ്ങളും പൊക്കി നടുഭാഗം താഴ്ത്തി ചാലുകീറും. തുടർന്ന് വശങ്ങളിലുള്ള കളകളും പുല്ലും ചാലിൽ നിക്ഷേപിച്ച് ഒരു തവണ കൂടി ഓടിച്ചാൽ വരമ്പ് നിർമ്മാണം പൂർത്തിയാകും. ട്രിപ്പ് ഇറിഗേഷൻ നടത്തുന്നവർക്ക് ട്രിപ്പ് ഇട്ടശേഷം മൾച്ചിംഗ് പേപ്പർ വിരിച്ച് വിത്ത് നട്ട് കൃഷി ആരംഭിക്കാം.
കൃഷിയോടുള്ള പ്രണയം
വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ 10 വർഷത്തോളം കരിയർ കൗൺസിലറായിരുന്ന പ്രശാന്ത് ജോലി ഉപേക്ഷിച്ചാണ് ട്രാക്ടർ ഡ്രൈവറായത്. പിതാവ് പരേതനായ പ്രസേനൻ മികച്ച കർഷകനായിരുന്നു. തന്റെ ജോലിക്ക് പുറമേ വർഷം തോറും 5 മുതൽ ആറ് ഏക്കർ വരെ നിലം പാട്ടത്തിനെടുത്ത് പ്രശാന്ത് നെൽകൃഷി ചെയ്യുന്നുണ്ട്. അമ്മ പ്ലമീനയും ഭാര്യ സ്മിതയും ഒപ്പമുണ്ട്. മകൾ: ഭാഗ്യശ്രീ.
പുതിയ യന്ത്രം നിരത്തിലിറക്കിയതോടെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് . കോൺഗ്രസ് അരീപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റാണ് പ്രശാന്ത്. കൃഷി മന്ത്രി പി. പ്രസാദ് നേരിട്ടെത്തി യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ കണ്ടിരുന്നു. പ്രശാന്തിനെ അനുമോദിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.