
ആലപ്പുഴ: പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമുണ്ടായിരുന്ന കൊവിഡാനന്തര ക്ലിനിക്കുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കടക്കം വ്യാപിപ്പിച്ചു. കൊവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് താഴെത്തട്ടിലടക്കം പോസ്റ്റ് കൊവിഡ് ചികിത്സ ലഭ്യമാക്കിയത്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകും. അമിത ക്ഷീണം, പേശീവേദന എന്നിവ മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങൾ വരെയും കണ്ടുവരുന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷത്തിലധികം പേർ പോസ്റ്റ് കൊവിഡ് രോഗങ്ങൾക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ആയിരക്കണക്കിന് പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നു.
താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ടെത്തിയോ ഫോൺ വഴിയോ ഇ സഞ്ജീവനി ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇ.എൻ.ടി, അസ്ഥിരോഗവിഭാഗം, മെഡിസിൻ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുന്നതിന് വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങളും ലഭ്യമാണ്.
പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ : വ്യാഴം
ജനറൽ ആശുപത്രി : ചൊവ്വ, വ്യാഴം
മെഡിക്കൽ കോളേജ് ആശുപത്രി : എല്ലാ ദിവസവും
സ്വകാര്യ ആശുപത്രികൾ : മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങൾ
പ്രധാന ആരോഗ്യ പ്രശ്നങ്ങൾ
ശ്വാസംമുട്ടൽ, ഹൃദ്രോഗം, പേശീവേദന, ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിരവധിപേരാണ് കൊവിഡ് മുക്തരായ ശേഷവും വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്
- ഡോ.ജമുന വർഗീസ്, ഡി.എം.ഒ, ആലപ്പുഴ