ആലപ്പുഴ : കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക് ബാങ്ക് പലിശ ഇനത്തിൽ യാതൊരു ഇളവുകളും കേന്ദ്ര ബഡ്ജറ്റിൽ പ്രഖാപിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. മഹാമാരി മൂലം ഉണ്ടായ വ്യാപാര നഷ്ടം നിമിത്തം രാജ്യത്താകെ 2 ലക്ഷത്തിലധികം വ്യാപാരികൾ വ്യാപാരം നിർത്തി. നിരവധി വ്യാപാരികൾ ആത്മഹത്യ ചെയ്തു. ദുരിതം അനുഭവിക്കുന്ന വ്യാപാരികളുടെ കുടുംബത്തെ സഹായിക്കുന്ന തരത്തിലുള്ള യാതൊരു നിർദ്ദേശവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഖേദകരമാണ്.

തെറ്റായ റിട്ടേൺ സമർപ്പിച്ച ആദായ നികുതിദായകർക്ക് റിട്ടേൺ തിരുത്തി സമർപ്പിക്കാൻ 2 വർഷത്തെ സാവകാശം ബഡ്ജറ്റിലൂടെ നൽകിയപ്പോൾ, ജി.എസ്.ടി നിയമത്തിലെ കർക്കശമായ വകുപ്പുകൾ മൂലവും അജ്ഞത മൂലവും ജി.എസ്.ടി. പോർട്ടലിലെ തകരാറുകൾ മൂലവും ഉണ്ടായ തെറ്റുകൾ നിമിത്തം വ്യാപാരികൾ പലിശയിനത്തിലും പിഴയിനത്തിലും കോടികൾ അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഇത്തരത്തിലുള്ള റിട്ടേണുകൾ തിരുത്തുന്നതിനുള്ള സാവകാശം നൽകാത്തത് നിരാശാജനകമാണ്.

വ്യാപാരികളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്ന് ധനമന്തി നിർമ്മല സീതാരാമന് അയച്ച നിവേദനത്തിലൂടെ രാജു അപ്സര ആവശ്യപ്പെട്ടു.