ambala

അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട്ടി​ലെ മാലി​ന്യത്തി​ന് വർഷങ്ങളുടെ കഥ പറയാനുണ്ട്. മാലി​ന്യം തോടി​ന്റെ ഇരുകളി​ലെയും ജനങ്ങളുടെ ആരോഗ്യം കെടുത്താൻ തുടങ്ങി​യി​ട്ട് നാളേറെയായെങ്കി​ലും അധി​കൃതർക്ക് അനങ്ങാപ്പാറ നയമാണ്. തോട്ടി​ൽ നി​റഞ്ഞു കവി​യുന്ന മാലി​ന്യം അക്ഷരാർത്ഥത്തി​ൽ നാട്ടുകാരുടെ പൊറുതി​ മുട്ടി​ക്കുകയാണ്.

മാറി മാറി വരുന്ന സർക്കാരുകളുടെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്. പലപ്പോഴായി​ മലിനീകരണ പ്രശ്നം പരിഹരിക്കാൻ അനുവദിച്ച കോടികൾ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്.

മനുഷ്യാവകാശ കമ്മിഷൻ പല തവണ ഈ വിഷയത്തിൽ ഉത്തരവിറക്കിയെങ്കിലും അവയൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടി​ല്ല. വേനൽ കനത്തതോടെ കുന്നുകൂടിയ മാലിന്യം പ്രശ്നം കൂടുതൽ വഷളാക്കുകയാണ്. മാലിന്യം കാരണം തോടിന്റെ ഇരുകരയിലും താമസിക്കുന്നവർക്ക് പനി, വയറിളക്കം, ത്വക് രോഗം ഉൾപ്പെടെയുള്ള അസുഖങ്ങളാണ് പിടിപെടുന്നത്. നിരവധി ചെമ്മീൻ പീലിംഗ് ഷെഡുകളിൽ നിന്നും വീടുകളിൽ നിന്നും മറ്റുമുള്ള മാലിന്യം ഇപ്പോഴും തള്ളുന്നത് കാപ്പിത്തോട്ടിലേക്കാണ്. സമീപമുള്ള കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ.വി.ടി.ടി.ഐ എന്നിവിടങ്ങളിലെ ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്.

............

# കാറ്റിൽ പറത്തി നിർദേശം

മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിർദേശം കാറ്റിൽ പറത്തിയാണ് നിരവധി ചെമ്മീൻ ഷെഡുകളുടെ പ്രവർത്തനം. പ്ലാന്റ് നിർമിക്കാൻ സർക്കാർ സബ്സിഡി അനുവദിക്കും. എന്നാൽ ഇത് അംഗീകരിക്കാതെ ഇപ്പോഴും മാലിന്യം കാപ്പിത്തോട്ടിലേക്ക് തള്ളുകയാണ്. ഇതിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തും നിരവധി തവണ നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉള്ളതിനാൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ ഇത്തരക്കാർ സമ്മർദം ചെലുത്താറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ പ്രവർത്തിക്കുന്ന ചെമ്മീൻ പീലിംഗ് ഷെഡുകളിൽ പലതിനും വൈദ്യുതി ലഭിച്ചതും വഴിവിട്ട രീതിയിലാണെന്ന് ആക്ഷേപമുണ്ട്.

.......

'' വർഷങ്ങളായി കാക്കാഴം പ്രദേശത്തെ ജനങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണി​ത്. ദുർഗന്ധം വമിക്കുന്ന കാപ്പിത്തോടി​ന്റെ പ്രശ്നം വർഷങ്ങളായി ജനങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ശ്വാശ്വത പരിഹാരം കാണുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

നിസാർ വെള്ളാപ്പള്ളി, ഗാന്ധി ദർശൻ അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌