ph

കായംകുളം : കായംകുളം നഗരസഭയിൽ സസ്യമാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി മൂന്ന് വർഷമായിട്ടും വ്യാപാരികൾക്ക് തുറന്ന് കൊടുക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനും ലഭിയ്ക്കാത്തതാണ് കാരണം. മൂന്ന് കടമുറികളെ സംബന്ധിച്ചുള്ള തർക്കം പരിഹരിയ്ക്കാനും കഴിഞ്ഞിട്ടില്ല.

ജനറേറ്റർ സ്ഥാപിക്കുന്നതിൽ നഗരസഭയ്ക്ക് ഉണ്ടായ വീഴ്ചയാണ് പ്രധാന കാരണം. കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് ഏഴ് കോടി രൂപ വായ്പയെടുത്ത് നിർമ്മിച്ച കെട്ടിടത്തിൽ നിന്നും വരുമാനം ലഭിയ്ക്കാത്തത് തിരിച്ചടവിനെ ബാധിച്ചു.

2017ലാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത്. തുടർന്ന് വൈദ്യുതീകരണത്തിനായി പി.ഡബ്ളിയു.ഡി ഇലട്രിക്കൽ വിഭാഗത്തിന് അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. 2009 ലെ നഗരസഭാ കൗൺസിലാണ് നിലവിലുണ്ടായിരുന്ന പഴയ ഇരുനില കെട്ടിടം പൊളിക്കാൻ തീരുമാനമെടുത്തത്. എന്നാൽ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പോലും പാലിയ്ക്കാതെ പൊളിച്ചതിനാൽ വർഷങ്ങൾ കഴിഞ്ഞാണ് നിർമ്മാണം തുടങ്ങാനായത് . ഒഴിപ്പിച്ച വ്യാപാരികൾക്ക് നഗരസഭയുടെ സ്ഥലത്ത് താൽകാലിക കച്ചവടത്തിന് സൗകര്യം നൽകിയിരുന്നു. അശാസ്ത്രീയമായി കുടിയൊഴിക്കപ്പെട്ട വ്യാപാരികളിൽ ഭൂരിഭാഗവും മഴയും വെയിലും ഏൽക്കുന്ന രീതിയിലുള്ള തകര ഷെഡുകളിലാണ് പതിനഞ്ച് കൊല്ലമായി പ്രവർത്തിക്കുന്നത്. മുക്കവലയിൽ നിന്നുള്ള പാലത്തിന്റെ നിർമ്മാണം ആരംഭിക്കും മുമ്പ് സസ്യമാർക്കറ്റ് കെട്ടിടം തുറന്നു നൽകിയില്ലെങ്കിൽ മാർക്കറ്റ് ട്രാഫിക്‌ബ്ലോക്കിൽ നട്ടംതിരിയും.

കേസിനൊരുങ്ങി വ്യാപാരികൾ

 സസ്യമാർക്കറ്റ് കെട്ടിടം തുറന്ന് കൊടുക്കാത്തത് മത്സ്യ മാർക്കറ്റിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു

ഗതാഗതത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ റോഡരികിലാണ് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ കച്ചവടം

പുതിയ കെട്ടിടം തുറന്ന് വ്യാപാരികളെ ഇവിടേക്ക് മാറ്റിയാലേ താത്കാലിക സൗകര്യങ്ങൾ പൊളിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകൂ.

കെട്ടിടം തുറന്ന് നൽകുവാൻ ഇനിയും വൈകിയാൽ നഷ്ടപരിഹാരത്തിന് കേസ് നൽകുമെന്ന് വ്യാപാരികൾ തർക്കമുള്ള മുറികൾ വ്യാപാരികളുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ നഗരസഭ തയ്യാറാകണ

മെന്ന് വ്യാപാരികൾ

സസ്യമാർക്ക് കെട്ടിടം

1.മൂന്ന് നിലകൾ, 42 മുറികൾ

2.ലോഡ്ജിംഗ് സൗകര്യം

3.2017ൽ നിർമ്മാണം പൂർത്തിയായി

4.വൈദ്യുതി,വാട്ടർ കണക്ഷനുകൾ ലഭിച്ചിട്ടില്ല

7 : കോടി വായ്പയെടുത്താണ് കെട്ടിടം നിർമ്മിച്ചത്

നിർമ്മാണാനുമതി, സ്‌കെച്ച്, പ്ലാൻ എന്നിവ ഒന്നും തന്നെ ഇല്ലാതെയാണ് പതിനഞ്ച് കൊല്ലം മുമ്പ് അന്നത്തെ നഗരസഭ അധികാരികൾ അശാസ്ത്രീയമായി സസ്യമാർക്കറ്റ് പൊളിച്ച് വ്യാപാരികളെ കുടിയിറക്കിയത്. മാറി മാറി വന്ന നഗരസഭാ ഭരണാധികാരികൾ വ്യാപാരികളുടെ വിഷയത്തിൽ യാതൊരുവിധ അനുകൂല തീരുമാനങ്ങളും എടുത്തിട്ടില്ല

-സിനിൽ സബാദ്, പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി