
ചാരുംമൂട് (ആലപ്പുഴ): അമ്മയെയും രണ്ട് പെൺമക്കളയും വീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി (54), മക്കളായ കലമോൾ (33), മീനുമോൾ (32) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കലമോളും മീനുമോളും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വെരിക്കോസിസിന്റെ ഓപ്പറേഷനെ തുടർന്ന് ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസന്ന ദിവസവും രാവിലെ ശശിധരൻ പിള്ളയ്ക്ക് ഭക്ഷണവുമായി ആശുപത്രിയിൽ പോയി വൈകുന്നേരം മടങ്ങി വരികയായിരുന്നു പതിവ്. ഇന്നലെ രാവിലെ 8.30ന് പെണ്മക്കൾക്കും പ്രസന്നയ്ക്കുമുള്ള ഭക്ഷണവുമായി സഹോദരിയും അയൽവാസിയുമായ സുജാത എത്തിയപ്പോൾ വീടിന്റെ ജനൽ കത്തിക്കരിഞ്ഞ് ചില്ലുകൾ പൊട്ടിക്കിടക്കുന്നതും മുറിയിൽ നിന്ന് പുകയരുന്നതും കണ്ടു. സംശയം തോന്നിയ സുജാത ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ ബഹളം വച്ചതോടെ പഞ്ചായത്തംഗം ശോഭ സജി ഉൾപ്പെടെയെത്തി മുന്നിലെ വാതിൽ തുറന്നു. രണ്ടു മൃതദേഹങ്ങൾ കട്ടിലിലും ഒരാളുടേത് നിലത്തുമാണ് കിടന്നിരുന്നത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും കത്തിയമർന്നിരുന്നു.
പ്രമേഹ രോഗിയായ പ്രസന്നയ്ക്ക് രോഗം മൂർച്ഛിച്ചത് കാരണം കാഴ്ച കുറഞ്ഞിരുന്നു. കന്നുകാലികളിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകആശ്രയം. രോഗവും ചികിത്സയും കൊണ്ടുള്ള പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
 അടുത്ത് വീടുകളില്ല, സംഭവം ആരുമറിഞ്ഞില്ല
സമീപത്ത് മറ്റ് വീടുകളില്ലാത്തതാണ് സംഭവം നേരത്തേ പുറത്തറിയാതിരിക്കാൻ കാരണം. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും പ്രസന്നകുമാരിയെ അലട്ടിയിരുന്നു. സിനിമ കഴിഞ്ഞ് രാത്രി 12ന് സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടിരുന്നതായി പച്ചക്കാട് സ്വദേശിയായ യുവാവ് പൊലീസിനോട് പറഞ്ഞു. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായും, ഫോറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നതിനു ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്നും ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
കലമോളും മീനുമോളും താമരക്കുളം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പോകുന്നുണ്ടായിരുന്നു. മീനുമോൾ വിവാഹ മോചിതയാണ്.