 
ഹരിപ്പാട്: ഒരു ഇത്തിരിക്കുഞ്ഞൻ താറാവാണ് ഇപ്പോൾ പള്ളിപ്പുറം പഞ്ചായത്തിലെ താരം. പഞ്ചായത്തിൽ മാത്രമല്ല സമൂഹ മാദ്ധ്യമങ്ങളിലും ഇവൻ വൈറലായിരിക്കുകയാണ്. നാലു കാലുണ്ടെന്നതാണ് ഈ താറാവിൻ കുഞ്ഞിന്റെ പ്രത്യേകത.
പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കുരീത്തറ പുത്തൻപുരയിൽ സാബു യോഹന്നാൻ്റെ എണ്ണായിരത്തിലധികം താറാവ് കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനാണ് നാലു കാലുകൾ കണ്ടത്.
ചെന്നിത്തല പഞ്ചായത്തിലെ മൂന്ന് തെങ്ങിൽ നിന്നുള്ള ഹാച്ചറിയിൽ നിന്നുമാണ് കഴിഞ്ഞ 15ന് സാബു യോഹന്നാൻ 8500 താറാവ് കുഞ്ഞുങ്ങളെ വാങ്ങിയത്. പിന്നീടാണ് കൂട്ടത്തിലൊരു താറാവു കുഞ്ഞിന് നാലു കാലുകൾ ഉണ്ട് എന്നത് മനസ്സിലാകുന്നത്. ഇതേതുടർന്ന് സാബു യോഹന്നാൻ്റെ മരുമകൾ ഇതിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് നിരവധി ആളുകളാണ് വ്യത്യസ്തനായ താറാവ് കുഞ്ഞിനെ കാണുവാൻ സാബു യോഹന്നാൻറെ ഫാമിലെത്തുന്നത്. നാലുകാൽ ഉണ്ടെങ്കിലും രണ്ടു കാലുകളിൽ മാത്രമാണ് നടക്കുന്നത്.
15 വർഷമായി ഇദ്ദേഹം താറാവ് കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൂട്ടത്തോടെ നിരവധി താറാവുകകളാണ് ചത്തത്. അതിനുശേഷമുണ്ടായ പക്ഷി പനിയിൽ എണ്ണായിരത്തിലധികം താറാവുകളിൽ 7500 താറാവുകൾ ചത്തു. ബാക്കിയുണ്ടായിരുന്ന 504 താറാവുകളെ കൊന്നൊടുക്കി. ഇതിനുശേഷമാണ് ഇത്തവണ 8500 താറാവ് കുഞ്ഞുങ്ങളെ സാബു യോഹന്നാൻ വാങ്ങിയത്.