മാവേലിക്കര: മദ്ധ്യവർഗത്തിനും കർഷകർക്കും അസംഘടിത മേഖലയ്ക്കും പ്രവാസികൾക്കും ഉൾപ്പെടെ സമൂഹത്തിലെ ഒരു ജനവിഭാഗത്തിനും യാതൊരു പ്രതീക്ഷയും നൽകാത്ത സ്വകാര്യവത്കരണത്തിനുള്ള നയ രേഖ മാത്രമായി ചുരുങ്ങിയ ബഡ്ജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ബഡ്ജറ്റിന്റെ മാനുഷിക മുഖം ഈ മഹാമാരിക്കാലത്ത് നഷ്ടപെട്ടിരിക്കുന്നു. ജനങ്ങൾക്ക് പ്രത്യക്ഷമായ സഹായം നൽകാതെ വലിയ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് നടത്തിയിരിക്കുന്നത്.
കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം അവർക്കു ഡ്രോൺ നൽകുമെന്നും അവരെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുമെന്നും ഉള്ള പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വാചകക്കസർത്ത് മാത്രമാണ്. കേരളത്തെ പരിപൂർണമായി അവഗണിച്ച ബഡ്ജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നും കേരളത്തിന്റെ എയിംസ് പോലെയുള്ള പ്രധാന ആവശ്യം പോലും ഇത്തവണയും അവഗണിച്ചുവെന്നും കൊടിക്കുന്നിൽ പറഞ്ഞു.