ചേർത്തല: അരക്കിലോ കഞ്ചാവും ഒരു ഗ്രാം എം.ഡി.എം.എയുമായി ബൈക്കിലെത്തിയവരെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കദളിപ്പറമ്പിൽ അൽത്താഫ്(21), പത്തനംതിട്ട കിഴക്കേതിൽ വൈശാഖ്(22)എന്നിവരെയാണ് തങ്കി റെയിൽവെ ക്രോസിന് സമീപത്ത് നിന്ന് എസ്.ഐ കെ.എൽ. മഹേഷിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈമാറുന്നതിനായി പ്രദേശത്ത് സംഘം എത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവിരത്തെ തുടർന്നായിരുന്നു അറസ്റ്റ്. എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. കഞ്ചാവ് ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും എം.ഡി.എം.എ പോക്കറ്റിലുമാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ കൊച്ചിയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് നാട്ടിൻപുറങ്ങളിൽ വിൽക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് സൂചന. ഇവർ ആർക്കാണ് കഞ്ചാവ് എത്തിച്ചതെന്ന വിവരം ലഭിച്ചിട്ടില്ല.പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ച് ഇവരുമായി ഇടപാടുകൾ നടത്തിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി​.