 
മാന്നാർ: അലിൻഡ് സ്വിച്ഗിയർ ഫാക്ടറിയുടെ സമീപത്തുകൂടി ഒഴുകുന്ന കുട്ടമ്പേരൂർ ആറിന്റെ തീരത്ത് ബണ്ടുപിടിച്ചിരുന്ന മണൽ അനുമതി കൂടാതെ കടത്തിക്കൊണ്ടിരുന്നത് അധികൃതർ പിടികൂടി. മണൽ കടത്താൻ ഉപയോഗിച്ചിരുന്ന ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിൽ അലിൻഡ് സ്വിച്ഗിയർ ഫാക്ടറിയുടെ സമീപത്തെ കുട്ടമ്പേരൂർആറ് നവീകരിക്കുന്നതിന്റെ ഭാഗമായി ആഴംകൂട്ടിയപ്പോൾ ലഭിച്ച മണൽ ഉപയോഗിച്ച് ആറുമീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച ബണ്ടു നിരത്തിയാണ് മണൽ കടത്തിയത്. അധികൃതരുടെ അനുമതിയില്ലാതെ സ്വിച്ഗിയർ ഡിവിഷന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ബണ്ടിടിച്ച് ആറിന്റെതീരം നികത്തുകയും ഫാക്ടറിയുടെ അധീനതയിലുള്ള തണ്ണീർത്തടങ്ങൾ നികത്തുകയുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു. മണൽ നികത്തിയതുമൂലം ആറിന്റെ രണ്ടര മീറ്ററോളംഭാഗം വീതികുറഞ്ഞതായും ഇറിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചയായി മണൽ കടത്ത് നടന്നു കൊണ്ടിരുന്നത് ഇന്നലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തഗം ശിവപ്രസാദ്, , മാന്നാർ വില്ലേജ് ഓഫീസർ സുധീർ മേജർ ഇറിഗേഷൻ എ ഇ ജ്യോതി സി, ഇറിഗേഷൻ ഉദ്യോഗസ്ഥർ, മാന്നാർ പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി വേണ്ട നടപടികൾ കൈക്കൊണ്ടു. കുട്ടമ്പേരൂർ ആറിന്റെ തുടർനവീകരണങ്ങൾക്ക് ഭംഗം വരുന്ന നടപടികളിലാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും കുട്ടമ്പേരൂർ ആറിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വന്നിരുന്ന ബുധനൂർ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അഡ്വ.പി.വിശ്വംഭരപണിക്കർ പറഞ്ഞു.
ഫോട്ടോ: 1) അലിൻഡ് സ്വിച്ഗിയർ ഫാക്ടറിയുടെ സമീപത്ത് അനധികൃത മണൽ കടത്തുന്നതറിഞ്ഞ് എത്തിയ പഞ്ചായത്ത്, ഇറിഗേഷൻ അധികൃതർ
2 ); അലിൻഡ് സ്വിച്ഗിയർ ഫാക്ടറിയുടെ സമീപത്ത് അനധികൃത മണൽ കടത്ത് നടത്താൻ ഉപയോഗിച്ച വാഹനങ്ങൾ