
ചേർത്തല: കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ കാമറ നിരീക്ഷണത്തിലാക്കും. കാമറകളുടെ സ്വിച്ച് ഓൺ നാളെ വൈകിട്ട് 6ന് മുഹമ്മ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർവഹിക്കും. ആലപ്പി വിഷൻ കേബിൾ നെറ്റ് വർക്കിന്റേയും മുഹമ്മ-തണ്ണീർമുക്കം മേഖലയിൽ പ്രവർത്തിക്കുന്ന കേബിൾ ഓപ്പറേറ്റർമാരുടേയും വ്യാപാരി - വ്യവസായ സംഘടനകൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട കമ്പനി ഉടമകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനപ്പെട്ട ജംഗ്ഷനുകൾ,ബസ് സ്റ്റാൻഡ്,ബോട്ട് ജെട്ടി, ആരാധനാലയങ്ങൾ ഉൾപ്പടെ 26 ഇടങ്ങളിൽ നൈറ്റ് വിഷൻ കളർ കാമറകളും ജില്ലാഅതിർത്തിയായ തണ്ണീർമുക്കം ജംഗ്ഷനിൽ എ.എൻ.പി.ആർ കളർ കാമറയുമാണ് സ്ഥാപിച്ചത്.
ലക്ഷ്യമിടുന്നത്
 വാഹനാപകടമുണ്ടാക്കുന്നവരെ കണ്ടെത്തുക
 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുക
 സാമൂഹ്യ വിരുദ്ധരെ ട്രാക്ക് ചെയ്യുക
'' പൊതു ജനസുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത് ഇതിനുവേണ്ടി പ്രത്യേക മോണിട്ടറുകളിൽ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തുന്ന ജോലികൾ പൂർത്തിയായി.
(മുഹമ്മ പൊലീസ് അധികൃർ)