
സാനിട്ടൈസർ വില്പന കുറഞ്ഞതായി കണക്കുകൾ
ആലപ്പുഴ: കൊവിഡ് വ്യാപനം കൂടുമ്പോഴും സമൂഹത്തിൽ സാനിട്ടൈസർ ഉപയോഗം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ സാനിട്ടൈസർ വില്പന മൂന്നിലൊന്നായി ചുരുങ്ങി. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ആലപ്പുഴ കലവൂരിലെ കെ.എസ്.ഡി.പിയിലെയും പാതിരപ്പള്ളിയിലെ ഹോംകോയിലെയും ഉത്പാദന കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
കൊവിഡിന്റെ ഒന്നും രണ്ടും ഘട്ടത്തിൽ എല്ലാവരും യാത്രക്കിടെ പോലും കരുതിയിരുന്ന സാനിട്ടൈസറിനെ കൈവിട്ടത് രോഗവ്യാപനം വർദ്ധിക്കാൻ സാഹചര്യം ഒരുക്കി. സാനിട്ടൈസർ ഉപയോഗം പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവിഭാഗത്തിന്റെയും സ്‌ക്വാഡുകൾ മുമ്പ് സജീവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു. ഇപ്പോൾ ഇതൊന്നും കാര്യക്ഷമമല്ല. ആവശ്യക്കാർ വർദ്ധിച്ചിരുന്ന കാലത്ത് പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ഹോംകോയിലും കെ.എസ്.ഡി.പിയിലും പ്രത്യേക കൗണ്ടറിൽ നിന്ന് സാനിട്ടൈസർ വില്പന നടത്തിയിരുന്നു. എന്നാൽ വാങ്ങാൻ ആളെത്താതായതോടെ ഇരുസ്ഥാപനങ്ങളും കൗണ്ടറുകൾ നിറുത്തി. ഓർഡർ ലഭിച്ചാൽ ആവശ്യത്തിന് സാനിട്ടൈസർ ഉത്പാദിപ്പിക്കാൻ ഇരു മരുന്ന് ഉത്പാദന കമ്പനികളും തയ്യാറാണ്.
ഉത്പാദനം ഇങ്ങനെ
(ബോട്ടിലുകളുടെ എണ്ണം)
കെ.എസ്.ഡിപി
2020-21............ 23ലക്ഷം
2021-2022......... 8.65ലക്ഷം
ഹോംകോ
2020-21.........2.19 ലക്ഷം
2021-2022.....2.5 ലക്ഷം
വില
500 മി.ലി : 175 രൂപ
200 മി.ലി: 85 രൂപ
250 മി.ലി. : 100 രൂപ
100 മി.ലി : . 50 രൂപ
ഹോംകോയ്ക്കും കെ.എസ്.ഡി.പിയ്ക്കും മുമ്പ് ഓർഡർ നൽകിയിരുന്ന വിവിധ സ്ഥാപനങ്ങൾ
1.ആരോഗ്യവകുപ്പ്
2.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ
3.പൊതുമേഖലാ സ്ഥാപനങ്ങൾ
4.കൺസ്യൂമർ ഫെഡ്
5.സ്വകാര്യ കമ്പനികൾ
ബോട്ടിൽ അളവ്
കെ.എസ്.ഡി.പി.................. ....500,250,200 മില്ലീലിറ്റർ
ഹോംകോ................................. 200,100 മില്ലീലിറ്റർ
സ്വകാര്യ കമ്പനികൾ ..............40 മില്ലീലിറ്റർ മുതൽ അഞ്ചു ലിറ്റർ വരെ
സാനിട്ടൈസർ ഉപയോഗം പേരിനുമാത്രം
1. മെഡിക്കൽ ഷോപ്പുകളിലും സാനിട്ടൈസർ വില്പന കുറഞ്ഞു
2. 40, 50,100 മി.ലിറ്റർ ബോട്ടിലുകളാണ് ഇവിടെ കൂടുതലായി വിറ്റിരുന്നത്
3. സർക്കാർ ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും സാനിട്ടൈസർ ഉപയോഗം പേരിനുമാത്രം
4. പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ബോർഡുകൾ മുമ്പ് സ്ഥാപിച്ചിരുന്നു.
5. ഇപ്പോൾ ബോർഡുകൾ പോലും പൊതു ഇടങ്ങളിലും കടകളിലും കാണാനില്ല