
ആലപ്പുഴ: സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരാവശ്യപ്പെടുന്ന ഏത് സ്ഥലത്തും രാത്രി 8 മുതൽ രാവിലെ 6 വരെ ബസ് നിർത്തിക്കൊടുക്കുന്ന പതിവിന് കെ.എസ്.ആർ.ടി.സി നിയന്ത്രണമേർപ്പെടുത്തി. സൂപ്പർഫാസ്റ്റ് ശ്രേണിക്ക് മുകളിലുള്ള ബസുകളാണ് പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇഷ്ടസ്റ്റോപ്പുകൾക്ക് കടിഞ്ഞാണിട്ടത്. സൂപ്പർ ഫാസ്റ്റ് മുതൽ താഴേക്കുള്ള എല്ലാ വിഭാഗം സർവീസുകളിലും ഈ സേവനം തുടരും.
ഓരോരുത്തർക്ക് വേണ്ടി വിവിധയിടങ്ങളിൽ നിറുത്തണ്ടിവരുന്നത് ദീർഘദൂരയാത്രക്കാർക്ക് അസൗകര്യമാണെന്ന പരാതി ഉയർന്നതോടെയാണ് പുതിയ തീരുമാനം. പതിനാല് മണിക്കൂറിലധികം യാത്ര ചെയ്യുന്നവരുൾപ്പടെയാണ് ദീർഘദൂര ബസുകളിലുണ്ടാവുക. പല സ്ഥലത്ത് നിർത്തിവരുമ്പോൾ യാത്രാ സമയം കൂടും. രാത്രി 10ന് ശേഷം സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള ബസുകളാണ് കൂടുതലെന്നതിനാൽ ഹ്രസ്വദൂര യാത്രക്കാർ വലയുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിവേഗ സർവീസായ മിന്നൽ ഒഴികെ എല്ലാ ബസുകളും രാത്രിയാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണമെന്നായിരുന്നു കഴിഞ്ഞദിവസം വരെ നിലനിന്നിരുന്ന ഉത്തരവ്. ഇനി മുതൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രമേ നിർത്തൂവെന്ന വിവരം വ്യക്തമാക്കി ബസുകളിൽ ബോർഡ് സ്ഥാപിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. യാത്രയ്ക്ക് മുമ്പ് കണ്ടക്ടർമാർ പുതിയ തീരുമാനം യാത്രക്കാരെ അറിയിക്കണം.
നിയന്ത്രണം ഏർപ്പെടുത്തിയവ
 മൾട്ടി ആക്സിൽ എ.സി
 സൂപ്പർ ഡീലക്സ്
 സൂപ്പർ എക്സ്പ്രസ്
ആകെ ബസുകളുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് സൂപ്പർ ക്ലാസ് ബസുകളുള്ളത്. ബാക്കി 95 ശതമാനം ബസുകളും സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി രാത്രിയിൽ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ നിർത്തും
-സി.എം.ഡി, കെ.എസ്.ആർ.ടി.സി