s

ആലപ്പുഴ: മങ്കൊമ്പ് പാലം പൊളിക്കുന്നതി​നൊപ്പം റോഡ് നിർമ്മാണത്തിനും തുടക്കമായി. എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി പെരുന്ന മനയ്ക്കച്ചിറയിൽ നിന്നുള്ള 100മീറ്റർ ഭാഗത്താണ് പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം.

മങ്കൊമ്പിൽ പുതിയ പാലത്തിന്റെ പൈലിംഗ് ജോലികൾ നേരത്തെ പൂർത്തീകരിച്ചെങ്കിലും ഇറിഗേഷൻ വിഭാഗത്തിന്റെ അനുമതി വൈകിയതിനാലാണ് പഴയ പാലം പൊളിക്കുന്ന ജോലി വൈകിയത്.

എ.സി റോഡ് നവീകരണത്തോടനുബന്ധിച്ചു നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡിന്റെ ഒരു വശത്തുകൂടി ഗതാഗതം നിയന്ത്രിച്ചാണ് നിർമ്മാണം നടത്തുന്നത്. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്കു സമാന്തരമായി നിർമ്മിക്കുന്ന പാലങ്ങളുടെയും മാമ്പുഴക്കരിയിൽ നിർമിക്കുന്ന ക്രോസ്‌വേയുടെയും പാറശേരി–ജ്യോതി ജംക്ഷൻ, മങ്കൊമ്പ് ബ്ലോക്ക് ജംക്ഷൻ–ഒന്നാങ്കര എന്നിവിടങ്ങളിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെയും പണ്ടാരക്കുളത്തെ പാലത്തിന്റെയും നിർമാണം ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള സമയത്തു വലിയ വാഹനങ്ങൾക്ക് കളക്ടർ ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി നടപ്പാക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്ന് ആക്ഷേപമുണ്ട്.

താത്കാലി​ക പാലമി​ല്ല

നിരവധി സർക്കാർ ഓഫീസുകളും ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും ഉള്ള മങ്കൊമ്പ് ജംഗ്ഷനോട് ചേർന്നുള്ള പാലമായതിനാൽ താത്കാലികമായി ഒരു സമാന്തര നടപ്പാലം കൂടി നിർമ്മിക്കണം എന്ന ആവശ്യം അംഗീകരിക്കാതെയാണ് പാലം പൊളിക്കുന്നത്. ഇതോടെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടിലായി.

നിർമ്മാണം നാലുഘട്ടങ്ങളിൽ

ഹൈടെക്കായി​

നാല് ഘട്ടങ്ങളിലായിട്ടാണ് റോഡ് നിർമ്മിക്കുന്നത്. 100മീറ്റർ നീളത്തിൽ നിലവിലുള്ള റോഡിലെ ടാർ ഇളക്കി മാറ്റി 85 സെന്റീ മീറ്റർ ആഴത്തിൽ മണൽ നീക്കി അടിത്തറയുണ്ടാക്കും. തുടർന്ന് അഞ്ച് പാളികളിലായി റോഡ് പുനർ നിർമ്മിക്കും. ആദ്യം മണൽകൊണ്ട് നിറക്കും. അതിനുമുകളിൽ ഗ്രാനുലാർ സബ് ബേസ്, വൈറ്റ് മിക്സ് മക്കാഡം, ഡെൻസ് ബിറ്റുമിനസ് മക്കാഡം, അസ്ഫാൾട്ടിക് കോൺക്രീറ്റ് കാർപ്പറ്റ് എന്നിങ്ങനെയാണ് നിർമ്മാണ രീതി. കുട്ടനാട്ടിലെ മണ്ണിന്റെ പ്രത്യേക കണക്കിലെടുത്ത് റോഡ് താഴുന്നത് ഒഴിവാക്കാനാണ് ആധുനിക രീതിയിൽ നിർമ്മിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഇടക്കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ഇപ്പോൾ വീണ്ടും വേഗതയിലായിട്ടുണ്ട്

- പൊതുമരാമത്ത് വകുപ്പ് അധികൃതർ