s

ആലപ്പുഴ: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളിൽ അട്ടിമറി സംശയം ബലപ്പെട്ടു. വലിയ ദുരന്തങ്ങളിലേക്ക് വഴിവയ്ക്കാവുന്ന തീപിടിത്തങ്ങൾ പോലും അടിക്കടിയുണ്ടായതോടെ വിഷയത്തിൽ പൊലീസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് എസ്.പിക്കും ഡി.വൈ.എസ്.പിക്കും പരാതി നൽകി.

നഗരപരിധികൾ കൈകാര്യം ചെയ്യുന്ന സൗത്ത് , നോർത്ത് പൊലീസ് വരുംദിവസങ്ങളിൽ സി.സി.ടി വി കാമറകളടക്കം പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. ഇ.എം.എസ് സ്റ്റേഡിയത്തിലും, ഡി.ഡി.ഇ ഓഫീസിലുമടക്കം മാലിന്യം കത്തിയ സംഭവങ്ങളിൽ ദുരൂഹതയുള്ളതായാണ് നഗരസഭാധികൃതർ സംശയിക്കുന്നത്. പൊലീസിന് പുറമേ, നഗരസഭ ആരോഗ്യവിഭാഗത്തിന്റെ രാത്രികാല നിരീക്ഷണവും ആരംഭിച്ചു. രാത്രിയുടെ മറവിൽ കെട്ടുകണക്കിന് മാലിന്യമാണ് ഇ.എം.എസ് സ്റ്റേഡിയം അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ നിക്ഷേപിക്കുന്നത്. വഴിച്ചേരി, വൈ.എം.സി.എ, കെ.എസ്.ആർ.ടി.സി, ഡി.ഡി.ഇ ഓഫീസ് ഭാഗങ്ങളിലാണ് അടുത്തിടെ നഗരത്തിൽ തീപിടുത്തമുണ്ടായത്.

മഫ്തിയിൽ നിരീക്ഷണം

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പൊക്കാൻ മഫ്തി പെട്രോളിംഗ് സംഘം നിരത്തിലുണ്ടാവും. നഗരത്തിലെ കാമറകൾ പൊലീസ് പരിശോധിക്കും. മാലിന്യ നിക്ഷേപം ആവർത്തിക്കുന്ന പ്രദേശങ്ങൾ നാട്ടുകാർ നിരീക്ഷിച്ച് വിവരം പൊലീസിന് കൈമാറണം.

കാമറകൾ പരിശോധിക്കും

1.മാലിന്യ ഹോട്ട് സ്പോട്ടുകൾ മഫ്തി സംഘം നിരീക്ഷിക്കും

2.നിരീക്ഷണ കാമറകൾ തുടർച്ചയായി പരിശോധിക്കും

3.കാമറകൾ സ്ഥാപിച്ചിരിക്കുന്ന വീട്ടുകാരുടെ സഹായം തേടും

4.നഗരസഭാ ആരോഗ്യ വിഭാഗവും നിരീക്ഷണം ശക്തിപ്പെടുത്തി

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചതായാണറിയുന്നത്. മാലിന്യം നിക്ഷേപിക്കുന്നതിന് പിടിയിലാകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും

- സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ, ആലപ്പുഴ