ambala

അമ്പലപ്പുഴ : ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രണ്ട് കൊവിഡ് രോഗികൾ ബെഡ് ലഭ്യമല്ലാത്തതിനെ തുടർന്ന് ഒരു മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും വാടയ്ക്കൽ സഹകരണ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത രോഗികളാണ് ആശുപത്രിക്ക് വെളിയിൽ ആംബുലൻസിൽ കാത്തുകിടന്നത്. ഇന്നലെ രാവിലെ 11 ഓടെയാണ് രോഗികളുമായി ആംബുലൻസുകൾ എത്തിയത്. എന്നാൽ ആശുപത്രിയിലെ രണ്ട് കൊവിഡ് വാർഡുകളിലും ബെഡ് ഒഴിവില്ലായിരുന്നു. പ്രതിഷധമുയർന്നതിനെത്തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആശുപത്രി അധികൃതർ ഈ രോഗികൾക്ക് ബെഡൊരുക്കി നൽകി പ്രശ്നം പരിഹരിച്ചു. കൊവിഡ് രോഗികൾക്കായി ഒരു വാർഡു കൂടി അടിയന്തരമായി തുറക്കുമെന്ന് സൂപ്രണ്ട് ഡോ.സജീവ് ജോർജ് അറിയിച്ചു.

കൊവിഡ് ചികിത്സയ്ക്കായി മെഡി. കോളേജ്
ആശുപത്രിയിൽ നേരിട്ട് എത്തരുത്: കളക്ടർ

ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണം

ആലപ്പുഴ: കൊവിഡ് ബാധിച്ച രോഗികളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടർ എ. അലക്സാണ്ടർ നിർദേശിച്ചു.

വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ (കാറ്റഗറി സി) ചികിത്സക്കായാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സാ വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്.

ആശുപത്രി സേവനം ആവശ്യമുള്ളവർ ജില്ലാതല കൺട്രോൾ റൂമിൽ (ഫോൺ 0477 2239999) ആദ്യം ബന്ധപ്പെടണം. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശ പ്രകാരം ഏറ്റവും അടുത്തുള്ള ട്രയാജിലേക്ക് രോഗിയെ എത്തിക്കണം. ട്രയാജിൽ ആരോഗ്യ നില വിലയിരുത്തിയ ശേഷം കിടത്തി ചികിത്സ അനിവാര്യമാണെങ്കിൽ അതിന് സൗകര്യമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. രോഗിയുടെ നില ഗുരുതരമാണെങ്കിൽ മാത്രമാണ് മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാറ്റുക. ഈ സംവിധാനത്തിലൂടെയല്ലാതെ രോഗികളെ നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ എത്തുന്നവരെ കിടത്തി ചികിത്സിക്കുന്നത് മെഡിക്കൽ കോളേജിലെ കിടക്കളുടെ എണ്ണം കുറയാൻ ഇടയാക്കുകയും ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് യഥാസമയം ചികിത്സ നൽകുന്നതിന് തടസമാകുകയും ചെയ്യും

ട്രയാജുകൾ

ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ചേർത്തല, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികൾ, ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി