chikitsa-sahayam

മാന്നാർ: മൂന്ന് പെൺകുട്ടികളുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പതിനെട്ടു വാർഡുകളിൽ നിന്നുമായി സമാഹരിച്ച തുക പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി. കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ - സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജനഗോപി, (18), ജി.ആർദ്ര(13), കുട്ടമ്പേരൂർ കുന്നുതറയിൽ രതീഷ് - വിദ്യാ ദമ്പതിമാരുടെ മകൾ നിഹ (9) എന്നി​വർക്കായുള്ള ചി​കി​ത്സാ സഹായത്തി​നായാണ് മാന്നാർ പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. മൂന്ന് പെൺകുട്ടികൾക്കുമായി 90 ലക്ഷം രൂപയാണ് വേണ്ടത്. 8 വാർഡുകളിലെയും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ , സർവ കക്ഷി പ്രവർത്തകർ എന്നിവർ ചേർന്ന് കാനറാ ബാങ്കിൽ അക്കൗണ്ട് ആരംഭി​ച്ച് നടത്തി​യ ധനസമാഹരണത്തി​ൽ 2400029 രൂപ ലഭി​ച്ചത്. 8 ലക്ഷം രൂപ വീതം 3 പെൺകുട്ടികൾക്കായി കൈമാറി. നിഹയുടെ മാതാപിതാക്കൾക്ക് പ്രസിഡന്റ് ടി​. വി രത്നകുമാരിയും അഞ്ജനയുടെ മാതാവിന് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയവും ആർദ്ര യുടെ മാതാവിന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ ബാലകൃഷ്ണനും ചെക്ക് കൈമാറി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് , ബ്ലോക്ക് മെമ്പർ അനിൽ അമ്പിളി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സലിം പടിപ്പുരയ്ക്കൽ , വികസന കാര്യ ചെയർപേഴ്സൺ ശാലിനി രഘുനാഥ്, കൺവീനർമാരായ മധു പുഴയോരം, വി.ആർ ശിവ പ്രസാദ് വാർഡ് മെമ്പർമാരായ സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ് , സുജിത്ത് ശ്രീരംഗം , രാധാമണി ശശീന്ദ്രൻ , അജിത് പഴവൂർ , അനീഷ് മണ്ണാരേത്ത് , വി കെ ഉണ്ണികൃഷ്ണൻ , ശാന്തിനി ബാലകൃഷ്ണൻ , കെ. സി പുഷ്പലത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രശാന്ത് കുമാർ , മുഹമ്മദ് ഷാനി, കുര്യൻ മാനാംപുറത്ത്, സിഡിഎസ് ചെയർപേഴ്സൺ സുശീല സോമരാജൻ, വിവിധ വാർഡുകളിലെ സിഡിഎസ്, എഡിഎസ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.