s

ആലപ്പുഴ: വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 52 വാർഡുകളിലും ജൈവ പച്ചക്കറി കൃഷി ഗ്രൂപ്പുകൾ രൂപീകരിക്കാൻ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാർഷിക വികസനസമിതി യോഗത്തിൽ തീരുമാനിച്ചു. ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നഗരസഭാ തലത്തിൽ പരിശീലനം നൽകും. പാടശേഖരസമിതി അംഗങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. കൊമ്പൻകുഴി, കരുവേലി പാടശേഖരങ്ങളിൽ സമയബന്ധിതമായി രണ്ട് കൃഷിയും നടത്തുന്നതിനും, രണ്ടാം കൃഷി ജൂൺ മാസംതന്നെ നടത്തുന്നതിനും, നവംബർ 15ന് മുമ്പ് പുഞ്ചകൃഷി ആരംഭിക്കുന്നതിനും തീരുമാനിച്ചു. പാടശേഖരങ്ങളുടെ സമീപം ചിറകളിൽ താമസിക്കുന്നവരുടെ പരാതി പരിഗണിച്ച് 380 ഓളം കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ഓരുവെള്ളം കയറുന്നത് ഒഴിവാക്കാൻ മോട്ടോർ പ്രവർത്തിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും.

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താൽപര്യമുള്ളവർക്ക് പരിശീലനം നൽകാനും ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ലേബർ ബാങ്ക് രൂപീകരിക്കാനും കാർഷിക സർവ്വകലാശാലയിൽ നിന്നടക്കം ഗുണമേന്മയേറിയ വിത്ത്, തൈകൾ, വളം, മറ്റുപകരണങ്ങൾ എന്നിവ നഗരത്തിൽ കർഷകർക്ക് ലഭ്യമാക്കുവാൻ ഇക്കോഷോപ്പുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ബിന്ദു തോമസ് തുടങ്ങിയവർ സംസാരിച്ചു.