ചേർത്തല തെക്ക് പഞ്ചായത്തിൽ മൂന്നുമണിക്കൂർ തെളിവെടുപ്പ്

ചേർത്തല : തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ നിഷേധിച്ചതായി കാട്ടി തൊഴിലാളികൾ നൽകിയ പരാതിയിൽ ചേർത്തലതെക്ക് ഗ്രാമപഞ്ചായത്തിൽ ഓംബ്ഡ്‌സ്മാൻ മൂന്നുമണിക്കൂർ തെളിവെടുപ്പ് നടത്തി. നിശ്ചിത വാർഡിൽ തന്നെ പരാതിക്കാർക്ക് തൊഴിൽ നൽകാനും തെളിവെടുപ്പിന് ശേഷം നിർദ്ദേശിച്ചു.ചേർത്തല തെക്ക് 17ാം വാർഡിലെ തൊഴിലാളികളായ അമ്പിളി,ഷിനി എന്നിവർ നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാൻ ഇടപെട്ടത്.
പഞ്ചായത്ത് ഭരണത്തിലുള്ളവരുടെ ഇടപെടലിൽ തൊഴിൽ നൽകുന്നില്ലെന്നു കാട്ടിയാണ് ഇവർ പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് തർക്കമുയർന്നത്.സമീപ വാർഡുകളായ 18ലും 16ലും ഇവർക്ക് തൊഴിൽ നൽകാൻ തയ്യാറായെങ്കിലും അർഹമായ 17-ാം വാർഡിൽ തന്നെ തൊഴിൽ വേണമെന്ന ഇവരുടെ ആവശ്യമാണ് ശരിയെന്നു കണ്ടെത്തിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 11ഓടെ പഞ്ചായത്തിലെത്തിയ ഓംബുഡ്‌സ്മാൻ രണ്ടുമണിവരെ തെളിവെടുപ്പു നടത്തി. റാഗി കൃഷിക്കായി അനുവദിച്ച സബ്സിഡി ഗ്രൂപ്പംഗങ്ങൾക്ക് നൽകുന്നതിലും തീരുമാനമാക്കിയാതായാണ് വിവരം.തുടർച്ചയായ നീതിനിഷേധം കാട്ടിയപ്പോഴാണ് പരാതിയുമായി രംഗത്തുവന്നതെന്നും സത്യം ജയിച്ചെന്നും പരാതിക്കാരിയായ അമ്പിളിയും ഷാനിയും പറഞ്ഞു.
ആർക്കും തൊഴിൽ നിഷേധിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തിയതുമൂലമാണ് തൊഴിൽ നൽകാനാകാതെ വന്നതെന്നും പരാതി നൽകിയവർ 75 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവരാണെന്നും പ്രസിഡന്റ് സിനിമോൾ സാംസൺ പറഞ്ഞു.