സർവേയ്ക്ക് തുടക്കമായി
ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായ മുസിരിസ് പ്രൊജക്ടിൽ കനാൽത്തീര സൗന്ദര്യവത്കരണത്തിന് മുന്നോടിയായുള്ള സർവ്വേ നടപടികൾക്ക് തുടക്കമായി. രണ്ടാഴ്ചയ്ക്കുള്ളിൽ സർവ്വേ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടമായി ശവക്കോട്ടപ്പാലത്തിന് പടിഞ്ഞാറ് വെസ്റ്റ് കനാൽ തീരം മുതൽ മുപ്പാലം വരെയുള്ള നാല് കിലോമീറ്റർ നീളത്തിലാണ് നിർമ്മാണം. രണ്ടാം ഘട്ടത്തിൽ പത്ത് കിലോമീറ്റർ നീളത്തിൽ സൗന്ദര്യവത്കരിക്കും. 14 കോടി രൂപ അടങ്കലിൽ കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമ്മാണം. നഗരത്തിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്ന മ്യൂസിയങ്ങളുടെ നിർമ്മാണത്തിന് കരാർ ക്ഷണിച്ചിട്ടുണ്ട്.
കനാൽത്തീരം കളറാകും
1.കനാൽ തീരത്ത് സൈക്കിൾ ട്രാക്ക്
2.ലാൻഡ് സ്കേപ്പിംഗ്
3.റോഡരികിൽ ടൈൽ വിരിക്കൽ
4.മാലിന്യം കടക്കാതിരിക്കാൻ ഗ്രിൽ
5.ഫ്ലോട്ടിംഗ് സ്റ്റേജ്
6.ബോട്ട് ജെട്ടികൾ
7.വൈദ്യുതി ദീപാലങ്കാരം
പദ്ധതി ചിലവ് : 14 കോടി
വ്യായാമം ചെയ്യാം, ചൂണ്ടയിടാം
കനാൽ സൗന്ദര്യവത്കരണം പൂർത്തിയാകുന്നതോടെ കാറ്റുകൊള്ളാനും വ്യായാമം ചെയ്യാനും, ചർച്ചകളും കൂട്ടായ്മകളും സംഘടിപ്പിക്കാനും ചൂണ്ടയിടാനുമെല്ലാമായി കനാൽ തീരങ്ങൾ പ്രയോജനപ്പെടുത്താനാകും. ആലപ്പുഴ ആസ്ഥാനമായ സ്വകാര്യ നിർമ്മാണ കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രവൃത്തികൾ ഒരേ സമയം ചെയ്ത്, കാലതാമസമൊഴിവാക്കി സൗന്ദര്യവത്ക്കരണം നടപ്പാക്കാനാണ് ശ്രമം.
പ്രാരംഭ ഘട്ടത്തിൽ നാല് കിലോമീറ്ററിലാണ് നിർമ്മാണം നടക്കുക. ഈ ദൈർഘ്യത്തിൽ ആറ് ബോട്ടുജെട്ടികൾ ഉൾപ്പടെയുണ്ടാവും. സർവ്വേ നടപടികൾ തീരുന്ന മുറയ്ക്ക് ഉടൻ തന്നെ നിർമ്മാണം ആരംഭിക്കും
-പി.നൗഷാദ്, എം.ഡി, മുസിരിസ് പ്രൊജക്ട്