surya

ആലപ്പുഴ: ഒരിടത്ത് തണ്ണീർ മത്തൻ, പലയിടത്തായി പച്ചക്കറി,​ തോളുരുമ്മി സൂര്യകാന്തിപ്പാടം. ചേർത്തലയിലെ കർഷകർക്ക് ഇതിനായി നേതൃത്വം കൊടുക്കുന്ന ജ്യോതിഷിനോടും അനിൽലാലിനോടും നാട്ടുകാരനായ കൃഷി മന്ത്രി പി. പ്രസാദ് ചോദിച്ചു...നിങ്ങൾക്കിത് ഫാം ടൂറിസമാക്കിക്കൂടേ...

മാസങ്ങൾക്കുള്ളിൽ അവർ ലക്ഷ്യം കണ്ടു. അതിന് ചേർത്തല ഇലഞ്ഞിയിൽ 15 ഏക്കർ സ്ഥലം വിട്ടുകൊടുത്തത് തിരുവിഴ ദേവസ്വം. കാടുപിടിച്ചു കിടന്ന സ്ഥലത്ത് പച്ചക്കറിത്തോട്ടവും സൂര്യകാന്തിപ്പാടവും പച്ചപിടിച്ചു. മീൻപിടിക്കാൻ കുളങ്ങൾ സജ്ജമായി. കൃത്രിമ വെള്ളച്ചാട്ടം വന്നു. ഏറുമാടങ്ങളും ഊഞ്ഞാലുകളും ഒരുങ്ങി. മയിലും പുലിയും മാനും നിരന്നു.അവ സിമന്റിൽ തീർത്തതാണെന്ന് മാത്രം. സന്ദർശകർ പച്ചക്കറി വിലകൊടുത്ത് വാങ്ങി. മീൻപിടക്കുന്നത് കുട്ടികൾക്ക് ഹരമായി

12 ലക്ഷം രൂപയാണ് ഫാം ടൂറിസത്തിന് ചെലവഴിച്ചത്. ദിവസവും പത്തിലേറെപ്പേർക്ക് തൊഴിലുമായി.

തിരുവിഴ ദേവസ്വം, ചേർത്തലതെക്ക് പഞ്ചായത്ത്, കൃഷിഭവൻ, ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക്, തിരുവേശ്വരൻ ജെ.എൽ.ജി ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൃഷി. സീസണിൽ ദിവസവും ആയിരത്തിലേറെ പേർ ഫാം സന്ദർശിച്ചിരുന്നു.ഇപ്പോൾ വിളവെടുപ്പ് കഴിഞ്ഞ് വിത്തുകൾ പാകിയിരിക്കുകയാണ്.

15 ഏക്കറിലെ ഏഴര ഏക്കറിൽ ഇടകലർത്തിയാണ് കൃഷി. ബാക്കി ഭാഗംഒരുക്കിക്കൊണ്ടിരിക്കുന്നു.

ആഹ്ലാദ സവാരി, ആരോഗ്യ പാനീയം

പൂക്കളും പച്ചക്കറികളും തിങ്ങിനിൽക്കുന്ന വരമ്പുകൾക്കിടയിലൂടെ ശുദ്ധവായു ശ്വസിച്ച് ചെരുപ്പിടാതെ സന്ദർശകർ പ്രഭാതസവാരി നടത്തുമ്പോൾ കിട്ടുന്ന ഉന്മേഷം കുറച്ചൊന്നുമല്ല. ജൈവകൃഷി വിദഗ്ദ്ധൻ കെ.വി.ദയാലിന്റെ നിർദ്ദേശപ്രകാരം തോട്ടത്തിലെ പടവലം, വെള്ളരി, നെയ്‌ക്കുമ്പളം എന്നിവയുടെ പാനീയവും കിട്ടും. മുപ്പത് രൂപ വിലയുള്ള പടവലം ജ്യൂസ് പ്രമേഹബാധിതർക്ക് ഏറെ പ്രിയം. നെയ്‌ക്കുമ്പളം ജ്യൂസിന് 40 രൂപയാണ്. താമസിയാതെ യോഗയും തുടങ്ങും.

-7 ലക്ഷം വരുമാനം


അഞ്ചു മാസത്തെ കൃഷിയിൽ ഏകദേശം 7 ലക്ഷം രൂപയുടെ പച്ചക്കറികളാണ് വിറ്റത്. സൂര്യകാന്തി 5000 മൂട് വിളവെടുത്തു. ഇപ്പോൾ കിളികളുടെ തീറ്റയായി വില്ക്കുകയാണ്.

`കേരളത്തിൽ ഫാം ടൂറിസത്തിന് മികച്ച സാദ്ധ്യതയുണ്ട്.അതിന് തെളിവാണ് ഈ വിജയം.'

- ജ്യോതിഷ്, അനിൽ ലാൽ,

കർഷകർ