
ആലപ്പുഴ : ആലപ്പുഴ ബൈപാസിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് തടയിടാൻ അടിയന്തര നടപടികൾ കൈക്കൊള്ളും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊമ്മാടി മുതൽ കളർകോട് വരെ നീളുന്ന പാതയിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എമാരും നഗരസഭയും മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച 11കാരിയുടെ പിതാവിന്റെ നിവേദനവുമായി മുൻമന്ത്രി ജി.സുധാകരനും ഇതേ ആവശ്യമുന്നയിച്ച് കളക്ടറെ സമീപിച്ചിരുന്നു.
ഒരു വർഷത്തിനുള്ളിൽ 13 പേരാണ് ഇവിടെ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. ബൈപാസ് അപകടരഹിതമാക്കുന്നത് സംബന്ധിച്ച് എച്ച്.സലാം എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ പൊതുജനങ്ങൾ കുറിച്ച നിർദ്ദേശങ്ങളടക്കം യോഗം ചർച്ച ചെയ്തു. അടിയന്തരമായും, ദീർഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പരിഹാര മാർഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, നാഷണൽ ഹൈവേ അതോറിട്ടി റീജിയണൽ ഓഫീസർ ബി. എൽ.മീന, ജില്ലാ കളക്ടർ അലക്‌സാണ്ടർ, ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് തുടങ്ങിയവർ പങ്കെടുത്തു. ബൈപാസ് സുരക്ഷ, ജംഗ്ഷനുകളിലെ ട്രാഫിക് ക്രമീകരണങ്ങൾ, സർവ്വീസ് റോഡുകൾ, ബൈപ്പാസിലേക്കുള്ള ഇടറോഡുകളുടെ പ്രവേശനം, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവ നാക്പാക് പ്രതിനിധികളും റോഡ് സേഫ്ടി വിങ്ങും ചേർന്ന് വിശദമായി പരിശോധിക്കും.
കാമറകളും കോൺക്രീറ്റ് ഡിവൈഡറും
1. ബൈപാസിൽ കാമറകളും വേഗനിയന്ത്രണ സിഗ്‌നലുകളും ഫെബ്രുവരി 20നകം സ്ഥാപിക്കും
2. അമിതവേഗത നിയന്ത്രിക്കാൻ വളവുകളിൽ കോൺക്രീറ്റ് ഡിവൈഡർ
3. ഇടറോഡുകളിൽ നിന്ന് ബൈപാസിലേക്ക് കയറുന്ന ഭാഗത്തെ സുരക്ഷാഭീഷണി, കളർകോട്, കൊമ്മാടി ജംഗ്ഷനുകളിലെ ട്രാഫിക് സംവിധാനങ്ങളിലെ കുറവുകൾ എന്നിവ ഫെബ്രുവരി 10നുള്ളിൽ പരിഹരിക്കും.
4. കളർകോട്, കൊമ്മാടി ജംഗ്ഷനുകളിൽ റൗണ്ട് എബൗട്ട് ക്രമീകരണം ദേശീയപാത അതോറിട്ടിയുമായി ചർച്ച ചെയ്ത് നടപ്പാക്കും
5. കൊമ്മാടി, കളർകോട് ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും .ചങ്ങനാശേരി റോഡിൽ സ്പീഡ് ബ്രേക്കർ .കളർകോട് നിന്ന് ആലപ്പുഴയിലേക്കുള്ള റോഡിൽ യു ടേൺ മാറ്റി ബൊള്ളാഡുകൾ സ്ഥാപിക്കും