
കായംകുളം: രാഷ്ടീയ പകപോക്കലിന്റെ ഭാഗമായി തന്റെ വാർഡിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ നഗരസഭ ഭരണ നേതൃത്വം തടസം നിൽക്കുന്നതായി ആരോപിച്ച് കോൺഗ്രസ് കൗൺസിലർ നഗരസഭയിൽ സത്യാഗ്രഹമിരുന്നു.
28-ാം വാർഡ് കൗൺസിലർ വിദു രാഘവനാണ് തന്റെ വാർഡിലെ ,തൊഴിലുറപ്പ് പ്രവൃത്തികളും റോഡ് വർക്കുകളും തടഞ്ഞതിൽ പ്രതിഷേധിച്ച് നഗരസഭയിൽ സത്യാഗ്രഹമിരിക്കുന്നത്. നഗരസഭയിലെ 43 വാർഡുകളിലും മരാമത്ത് വർക്കുകൾ നടക്കുന്നുണ്ടെങ്കിലും 28-ാം വാർഡിലെ വർക്കുകൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തടഞ്ഞു വച്ചിരിക്കുകയാണന്നും തൊഴിലുറപ്പ് പ്രവൃത്തികളും മറ്റ് 43 വാർഡുകളിൽ പൂർത്തീകരിച്ചുവെങ്കിലും 28-ാം വാർഡിൽ ഇതു വരെയും അനുമതി നല്കിയിട്ടില്ലന്നും വിദു പറയുന്നു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുൻ ചെയർമാനുമായിരുന്ന എൻ. ശിവദാസനെയാണ് വിദു പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടതിലുള്ള പകപോക്കലിന്റെ ഭാഗമായാണ് വാർഡിലെ വികസന പ്രവർത്തനങ്ങൾ ചെയർപേഴ്സന്റെ നേതൃത്വത്തിൽ തടസപ്പെടുത്തുന്നതെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടിമാരായ എ.ജെ. ഷാജഹാൻ, കെ പുഷ്പദാസ്, എ.പി. ഷാജഹാൻ, കൗൺസിലർമാരായ സി.എസ്.ബാഷ, അൻസാരി കോയിക്കലേത്ത്, ആർ. സുമിത്രൻ, ബിജു നസറുള്ള, പി.കെ.അമ്പിളി, ലേഖ സോമരാജൻ, ഷൈനി ഷിബു,അംബിക തുടങ്ങിയവർ സത്യാഗ്രഹത്തിന് പിന്തുണയുമായി എത്തി.