s

ആലപ്പുഴ: സ്വയം പരിശോധനയിലൂടെ കാൻസർ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ ഉറപ്പാക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിടുന്ന കാൻസെൽഫി കാമ്പയിനിന് ലോക കാൻസർ ദിനമായ ഇന്ന് ജില്ലയിൽ തുടക്കമാകും. ആരോഗ്യ വകുപ്പ് നടത്തുന്ന വിവിധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് കാമ്പയിൻ.

കാൻസർ പരിചരണ അപര്യാപ്തതകൾ നികത്താം എന്നതാണ് ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്റെ സന്ദേശം. ക്യാൻ സെൽഫി കാമ്പയിനിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും കളക്ടർ എ. അലക്സാണ്ടറും ചേർന്ന് നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജീവിതശൈലി രോഗനിയന്ത്രരണ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ. അനു വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

കാൻസർ പ്രതിരോധത്തിൽ ഭക്ഷണത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ കളക്ടറേറ്റിൽ പ്രത്യേക വീഡിയോ പ്രദർശനവും അവതരണവും നടത്തും. ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ രോഗലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള പോസ്റ്റർ, വീഡിയോ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനികൾക്കായി ഇന്ന് വൈകിട്ട് ഏഴിന് നടത്തുന്ന ജില്ലാതല വെബിനാറിൽ തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. എസ്. ദിലീപ് ക്ലാസെടുക്കും.

ഇവയൊക്കെ ലക്ഷണങ്ങളാകാം

 ഉണങ്ങാത്ത വ്രണങ്ങൾ (പ്രധാനമായും വായിൽ)

 ശരീരത്തിൽ മുഴകളും തടിപ്പുകളും

 ദഹനത്തിനും വിസർജ്ജനത്തിനും അസാധാരണമായ മാറ്റങ്ങൾ

 തുടർച്ചയായി ദഹനക്കേട് അനുഭവപ്പെടുക, വിട്ടുമാറാത്ത വയറവേദന

 മലത്തിലും മൂത്രത്തിലും രക്തം, പഴുപ്പ് എന്നിവ ഉണ്ടാകുക.

തുടർച്ചയായ ഒച്ചയടപ്പും ചുമയും

സ്ത്രീകളിൽ അസാധാരണമായും ആവർത്തിച്ചും ഉണ്ടാകുന്ന രക്തസാവ്രം (പ്രത്യേകിച്ചും ലൈംഗിക ബന്ധത്തിനു ശേഷവും ആർത്തവം നിലച്ചവരിലും)

 സ്തനങ്ങളിൽ മുഴ അല്ലെങ്കിൽ തടിപ്പ്. മുലഞെട്ടിൽ നിന്നും രക്തം കലർന്ന സ്രവം പുറത്തുവരിക