subtresury
മാന്നാർ സബ്ട്രഷറിക്കായി സ്റ്റോറുമുക്കിൽ പണിതീരാതെ കിടക്കുന്ന കെട്ടിടം

മാന്നാർ: മാന്നാർ സബ് ട്രഷറി​യി​ൽ പെൻഷൻ വാങ്ങാനെത്തുന്ന പ്രായം ചെന്നവർക്ക് പെൻഷൻ വാങ്ങൽ മനസി​നെ അലട്ടുന്ന ഒരു ചി​ന്തയാണ്. പഴയകെട്ടി​ടത്തി​ന്റെ പടി​കൾ ചവി​ട്ടി​ക്കയറി​ വേണം ഇവർക്ക് പെൻഷൻ വാങ്ങാനെത്തേണ്ടത്. പുതി​യ ട്രഷറി​ കെട്ടി​ടത്തി​ന്റെ പണിതീരാത്തതി​നാലാണ് ഇവർക്ക് ഈ ബുദ്ധി​മുട്ട് അനുഭവി​ക്കേണ്ടി​ വരുന്നത്.

കുറ്റിയിൽ ജംഗ്‌ഷനിൽ നായർസമാജം കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഒന്നരപ്പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സബ്ട്രഷറിയിൽ 1300 ഓളം പെൻഷൻകാരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. മാന്നാർ,ബുധനൂർ,കടപ്ര,വീയപുരം,നിരണം എന്നീ പഞ്ചായത്തുകളും പാണ്ടനാട്,ചെന്നിത്തല പഞ്ചായത്തുകൾ ഭാഗികമായും ഈ സബ്ട്രഷറിയുടെ പരിധിയിലാണുള്ളത്. 136 ഓളം സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും മറ്റുബില്ലുകളും മാറാനായി ആയിരക്കണക്കിനാളുകൾ ഇവിടെ വന്നുപോകുന്നു.

2006 ൽ സബ്ട്രഷറി ആരംഭിച്ചത് മുതൽ സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ ആവശ്യത്തിന് 2017 ൽ പച്ചക്കൊടി കിട്ടിയെങ്കിലും ഇന്നും പണിതീർന്നി​ട്ടി​ല്ല.

സ്ഥലം കൈമാറ്റം വൈകി​; 62 .5 ലക്ഷം ലാപ്സായി​

പെൻഷൻകാരുടെ ആവശ്യം പരിഗണിച്ച് 2011 ൽ 62 .5 ലക്ഷം അനുവദിച്ചെങ്കിലും യഥാസമയം സ്ഥലംകൈമാറാൻ കഴിയാതിരുന്നതുമൂലം ഫണ്ട് നഷ്ടമായി. സ്റ്റോർമുക്കിലെ ബസ് സ്റ്റാന്റ്, കമ്മ്യുണിറ്റിഹാൾ, വൃദ്ധസദനം എന്നിവയുടെ പരിസരത്ത് 2013 ൽ എട്ടരസെന്റ് സ്ഥലം വിട്ടുകൊടുത്തതോടെയാണ് സബ്ട്രഷറിക്കായി കെട്ടിടം ഉയരാൻ സാദ്ധ്യത തെളിഞ്ഞത്. നാലുവർഷം കഴിഞ്ഞു നിർമ്മാണപ്രവർത്തനം ആരംഭിക്കാൻ. അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ ഇടപെടലിൽ 2017 ൽ കെട്ടിടനിർമ്മാണ ലഭി​ച്ചു. ഇൻകെലി​ന് രണ്ടുകോടിരൂപയ്ക്ക് സാങ്കേതികാനുമതി നല്കി​യെങ്കി​ലും എംഎൽഎയുടെ അപ്രതീക്ഷിത വിയോഗവും ഉപതിരഞ്ഞെടുപ്പും കാരണം കെട്ടിടനിർമ്മാണത്തിനു കാലതാമസം നേരിട്ടു. സജിചെറിയാൻ എം. എൽ.എ ആയ ശേഷം 2018 സെപ്റ്റംബർ 16 നു അന്നത്തെ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് തറക്കല്ലിട്ടു. നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കുറച്ച് നാൾക്കകം കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ചു. പകരം കരാറുകാരനെത്തി പണി വീണ്ടുംആരംഭിച്ചു. മൂന്നരവർഷം പിന്നിട്ടെങ്കിലും പണി പാതിവഴിയിലാണ്. പണിതീരാത്ത മാന്നാർ സബ്ട്രഷറി ഇന്ന് തെരുവ്‌നായ്‌ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായിരിക്കുകയാണ്.

.....................................

അസൗകര്യങ്ങളും നടുവിൽ കഴിയുന്ന വാടകക്കെട്ടിടത്തിൽ നിന്നും സബ്ട്രഷറിക്ക് മോചനം ലഭിക്കാൻ ഇനിയുമെത്രനാൾ കാക്കണമെന്നാണ് .

അലക്‌സാണ്ടർപി.ജോർജ്, പ്രഥമാദ്ധ്യാപകൻ

പരുമല സെമിനാരിസ്‌കൂളിലെ

.................................................

രണ്ടുപതിറ്റാണ്ടത്തെ പോരാട്ടവുമായി​ എം.കെ.വി പിള്ള

മുപ്പത്തിമൂന്ന് വർഷക്കാലം മൃഗസംരക്ഷണവകുപ്പിൽ ഫീൽഡ്ഓഫീസറായി ജോലിചെയ്തിട്ടുള്ള മാന്നാർ കുരട്ടിശ്ശേരി ഇന്ദ്രപ്രസ്ഥത്തിൽ വാസുദേവൻപിള്ളയെന്ന കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാന്നാർ യൂണിറ്റ് സെക്രട്ടറികൂടിയായ എം.കെ.വി പിള്ള സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യവുമായി രണ്ടുപതിറ്റാണ്ടായി പോരാട്ടത്തിലാണ്. പുതിയ സബ്ട്രഷറിയിൽ നിന്നും ഒരുവട്ടമെങ്കിലും പെൻഷൻ വാങ്ങണമെന്ന ആഗ്രഹത്തിലാണ് എൺപതാംവയസിലും പോരാട്ടംതുടരുന്ന എം.കെ.വി പിള്ള.