
കായംകുളം: കായംകുളം കേന്ദ്രീകരിച്ച് ഉടമകളിൽ നിന്നും വാഹനം വാടകയ്ക്കെടുത്ത് പല സ്ഥലങ്ങളിലായി വിൽപന നടത്തിയും പണയം വച്ചും പണം തട്ടുന്ന കേസിലെ മൂന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി മുറിയിൽ സിയാദ് മൻസിലിൽ അബ്ദുൾ വാഹിദ് (46) ആണ് പൊലീസ് പിടിയിലായത്. ഇല്യാസ് കുഞ്ഞിന്റെ ടെയോട്ട ക്വാളിസ് വാടകയ്ക്ക് എടുത്ത് ഈ വാഹനം മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ സ്വന്തമാക്കിയ കേസിലാണ് അറസ്റ്റ് . ഈ കേസിലെ രണ്ടാം പ്രതി ചേരാവള്ളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഒന്നാം പ്രതി കായംകുളം എം.എസ്.എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്. കായംകുളം ഭാഗത്ത് നിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്ത് പത്തനാപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ പണയം വച്ചതുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജ വില്പന കരാറുണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ശ്രീകമാർ , പൊലീസുകാരായ വിഷ്ണു, ദീപക്, ഷാജഹാൻ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.