ചേർത്തല : ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയായ യുവതിയെ വീണ്ടും കസ്റ്റഡിയിൽ കിട്ടാനുള്ള സാദ്ധ്യത മങ്ങുന്നു.പൊലീസിന്റെ കസ്റ്റഡിയിൽ വിട്ട പ്രധാന പ്രതി ഇന്ദു(സാറ-35) കുഴഞ്ഞു വീഴുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ പത്തുദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരിക്കുന്നത്.യുവതിയെ അറസ്റ്റുചെയ്ത് 15 ദിവസങ്ങൾക്കുള്ളിൽ ചികിത്സ പൂർത്തിയായാൽ മാത്രമേ ഇനിയും ഇവരെ പൊലീസിന് കസ്റ്റഡിയിൽ ലഭിക്കുകയുള്ളൂ.നിലവിലുള്ള സാഹചര്യത്തിൽ അതിന് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
പൊലീസിന് ഇവരെ നാലുദിവസത്തേക്കാണ് തെളിവെടുപ്പുകൾക്കായി കസ്റ്റഡിയിൽ നൽകിയിരുന്നത്.കസ്റ്റഡിക്കിടെ ചികിത്സ തുടങ്ങിയ സാഹചര്യത്തിൽ കസ്റ്റഡി അവസാനിപ്പിച്ചാണ് കോടതിയിൽ ഹാജരാക്കി ഇവരെ ആശുപത്രിയിലാക്കിയത്. നിലവിൽ റിമാൻഡിലുള്ള തിരുവനന്തപുരം വനിതാജയിലിന്റെ കീഴിലാണ് പേരൂർക്കടയിലെ ചികിത്സ.
നേരത്തെ തന്നെ ഇവർ മാനസിക പ്രശ്‌നങ്ങൾക്ക് മരുന്നുകഴിച്ചിരുന്നതായി പൊലീസിന് മൊഴിനൽകിയിരുന്നതാണ്.നിലവിലെ രോഗം കേസിനെ ബാധിക്കാതിരിക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതിനായി നിയമോപദേശവും പൊലീസ് തേടുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് സ്‌കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറേ തട്ടിയ കേസിലാണ് ഇന്ദുവിനെയും ഇടനിലക്കാരനായിരുന്ന ചേർത്തല നഗരസഭ 35ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാറിനെയും കഴിഞ്ഞയാഴ്ച ചേർത്തല പൊലീസ് പിടികൂടിയത്.