
കുട്ടനാട്: വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള പുതിയ നിബന്ധനകൾ കുട്ടനാടർ കർഷകർക്ക് തിരിച്ചടിയായതായി പരാതിയുയരുന്നു. വിതച്ച് 45 ദിവസങ്ങൾക്കുള്ളിൽ പ്രീമിയം അടയ്ക്കണമെന്ന നിബന്ധന എങ്ങനെ പാലിക്കുമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. വിത കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം മാത്രമാണ് പാടശേഖരസമിതികൾ വിള ഇൻഷ്വറൻസ് രജിസ്ട്രേഷൻ സംബന്ധമായ പുതിയ വിവരങ്ങൾ അറിയുന്നതും കർഷകരെ അറിയിച്ചതും.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രണ്ടാം കൃഷിയുടെ വിളവെടുപ്പ് വൈകിയതിനാൽ കാലം തെറ്റി പുഞ്ച കൃഷി ഇറക്കേണ്ടി വന്ന കർഷകരിൽ പലർക്കും ഇക്കുറി പദ്ധതിയിൽ അംഗമാകാനോ സമയബന്ധിതമായി പ്രീമിയം അടയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ്. പദ്ധതിയിൽ അംഗമായി ചേരാൻ കഴിയാത്തത് വിളവെടുപ്പ് സമയത്ത് തങ്ങൾക്ക് തിരിച്ചടിയായി മാറിയേക്കുമോ എന്ന ഭയത്തിലാണ് കർഷകർ. കൃഷി വൈകി ആരംഭിച്ചതിനാൽ കൊയ്ത്ത് സമയത്ത് വേനൽ മഴ ഉണ്ടാകാനും കൃഷിനാശത്തിനുമുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ഇവർ കണക്ക് കൂട്ടുന്നു . വിള ഇൻഷ്വറൻസ് ഇല്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസമാകും.
കടമ്പകൾ ഏറെ
1.കർഷകർ നേരിട്ട് അക്ഷയകേന്ദ്രങ്ങളിലോ കമ്പ്യൂട്ടർ സെന്ററുകളിലോ എത്തി ആദ്യം രജിസ്റ്റർ ചെയ്യണം
2.പിന്നീട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷകരെ മുഴുവനായും രജിസ്റ്റർ ചെയ്യണം
3.ഇതിനുശേഷം അപേക്ഷകൾ കൃഷി ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ പ്രീമിയം അടയ്ക്കാൻ കഴിയൂ
4. വിതച്ച് 45 ദിവസങ്ങൾക്കുള്ളിൽ വിള ഇൻഷ്വറൻസിന്റെ പ്രീമിയം അടയ്ക്കണം
''സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് വിള ഇൻഷ്വറൻസിന്റെ പ്രീമിയം അടയക്കുന്നതിനുള്ള സമയം നീട്ടിനൽകാൻ നടപടിയെടുക്കണം
-സി.വി.രാജീവ്, കോൺഗ്രസ് , കുട്ടനാട് നോർത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ്