s

ആലപ്പുഴ : കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾക്ക് ഒന്നരമാസമായി അനുഭവപ്പെടുന്ന ക്ഷാമത്തിന് പരിഹാരമില്ലാത്തത് വിവിധ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു. 50 മുതൽ 200രൂപവരെയും 1000രൂപയുടെയും മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. അതേസമയം, 500, 5,000,10,000,20,000,25,000രൂപയുടെ മുദ്രപ്പത്രങ്ങൾ ഇപ്പോൾ സുലഭമായി ലഭിക്കുന്നുമുണ്ട്..

സാധാരണക്കാർക്ക് പഞ്ചായത്ത്, നഗരസഭകളിൽ നിന്ന് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് 200രൂപയുടെ മുദ്രപ്പത്രമാണ് ആവശ്യമുള്ളത്. ഇത് കിട്ടാതെ വന്നതോടെ 500രൂപയുടെ പത്രം വാങ്ങാൻ നിർബന്ധിതരാവുകയാണ് പലരും. വാടക കരാർ എഴുതുന്നവർക്കും കുറഞ്ഞ മുദ്രപ്പത്രങ്ങളുടെ ദൗർലഭ്യം ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൊവിഡ് കാരണം മുദ്രപ്പത്രങ്ങൾ നാസിക്കിൽനിന്ന് എത്തിക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. മുദ്രപ്പത്രക്ഷാമം രൂക്ഷമായതിനെത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിലെ ജീവനക്കാരുൾപ്പെടെയുള്ള സംഘം ഒരാഴ്ച മുമ്പ് നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിലെത്തിയാണ് നാല് മാസത്തേക്കുള്ള വിലകൂടിയ മുദ്രപ്പത്രങ്ങൾ കൊണ്ടുവന്നത്. ഇവ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. 1000 രൂപയുടെ മുദ്രപ്പത്രങ്ങളുടെ ലഭ്യതക്കുറവ് ആധാരം രജിസ്‌ട്രേഷനെയും ബാധിക്കും.

കിട്ടാനില്ലാത്ത മുദ്രപ്പത്രങ്ങൾ(രൂപയിൽ )

50,100, 200, 1,000

ഇപ്പോൾ സുലഭമായി കിട്ടുന്നവ (രൂപയിൽ)

5,00, 2,000, 5,000, 10,000, 20,000, 25,000

"ആധാരം എഴുത്തുകാരുടെ തൊഴിലിനെ ബാധിക്കുന്നതാണ് 50,100,200,1000രൂപയുടെ മുദ്രപ്പത്രത്തിന്റെ ക്ഷാമം. കുറഞ്ഞ വിലയുള്ള മുദ്രപ്പത്രം സുലഭമായി ലഭിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം.

- എം.പി. മധുസൂദനൻ, ജില്ലാ സെക്രട്ടറി, ആധാരം എഴുത്ത് അസോസിയേഷൻ.