s

ആലപ്പുഴ: നഗരത്തിൽ ആൾസഞ്ചാരം കുറവുള്ള ഇടവഴികൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാകുന്നതായി പരാതി. വിദ്യാർത്ഥികളും യുവാക്കളുമാണ് ലഹരി വസ്തുക്കൾ പരസ്യമായി ഉപയോഗിക്കുന്നത്. ലഹരിസംഘങ്ങളുടെ നിരന്തര സാന്നിദ്ധ്യം കാരണം ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ഭയമാണെന്ന് സ്ത്രീകൾ പറയുന്നു.

നഗരത്തിൽ കല്ലുപാലം - ജവഹർ ബാലഭവൻ റോഡിലെയും, ജില്ലാക്കോടതി - തത്തംപള്ളി - പുന്നമട റൂട്ടിലെയും ഇടവഴികളിൽ സംഘങ്ങൾ പതിവായി എത്തുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ പെൺകുട്ടികളുൾപ്പെടെ സംഘത്തിലുണ്ടാവും. പരിസരവാസികൾ എത്തിയാൽപ്പോലും വഴിയിൽ നിന്ന് പിൻവാങ്ങാനോ, ലഹരി വസ്തുക്കൾ മറച്ചുപിടിക്കാനോ ഇവർ മുതിരാറില്ല. താമസക്കാർ കുറവുള്ള വഴികൾ കേന്ദ്രീകരിച്ച് യുവതീ - യുവാക്കൾ മണിക്കൂറുകളോളം തങ്ങുന്നതും പതിവാണ്. പ്രതികരിച്ചാൽ തിരിച്ചാക്രമണമുണ്ടാകുമോ എന്ന് ഭയന്ന് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വീട്ടമ്മമാർ പറയുന്നു. ചാരായം വാറ്റടക്കമുള്ള കുറ്റങ്ങൾ സ്ഥിരമായി കണ്ടുപിടിക്കുന്ന എക്സൈസും പട്രോളിംഗ് ശക്തമെന്ന് അവകാശപ്പെടുന്ന പൊലീസും ഇത്തരം സംഘങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാത്രികാലങ്ങൾക്ക് പുറമേ, പകലും ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.

ദൃക്സാക്ഷിയായ വീട്ടമ്മ പറയുന്നു

സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ പെൺകുട്ടികളെ ഉൾപ്പടെ യൂണിഫോമിൽ ഇടവഴികളിൽ കാണാം. കൂടെ യുവാക്കളുടെ കൂട്ടവുമുണ്ടാകും. പരസ്യമായാണ് കൈകളിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നത്. നമ്മൾ കണ്ടെന്ന് മനസിലാക്കിയാൽ പോലും അവർക്ക് യാതൊരു കൂസലുമില്ല. വിദ്യാലയത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ മക്കളുടെ പ്രായമുള്ള കുട്ടികളാണ്. പക്ഷേ ഉപദേശിക്കാൻ ചെന്നാൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് ഭയമുണ്ട്.