
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിലെ പറയൻ ചാൽ സംരക്ഷിക്കാൻ ലോക തണ്ണീർത്തടദിനത്തിൽ ടീം പറയൻചാൽ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായി .'തോട് നന്നായാൽ നാട് നന്നാകും" എന്ന പൊതുലക്ഷ്യത്തോടെയാണ് ടീം പറയൻ ചാലിന്റെ പ്രവർത്തനം.
പലവിധ പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്ന, തണ്ണീർമുക്കം പഞ്ചായത്തിലെ തണ്ണീർത്തട പ്രദേശമാണ് പറയൻ ചാൽ.വേമ്പനാട് കായലിന്റെ പ്രധാന കൈവഴിയായ കട്ടച്ചിറയാറും ചാലിൽപ്പള്ളിയാറും ഒഴുകി എത്തുന്നിടം കൂടിയാണ്. തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡിൽ നിന്ന് ആരംഭിക്കുന്ന പറയൻചാലിലൂടെ 4 കിലോമീറ്റർ ജലമാർഗം സഞ്ചരിച്ചാൽ വേമ്പനാട് കായലിലെത്താം. മണവേലി പ്രദേശത്തെ പറയൻ ചാലും പരിസര പ്രദേശങ്ങളും കൈത്തോടുകളുംപകുതിയിലധികം നികത്തപ്പെട്ട നിലയിലാണ് ഇപ്പോൾ .റോഡുകൾ നിർമ്മിക്കാൻ തോടുകൾ നികത്തിയതും വർഷാവർഷം തോടുകൾ വെട്ടി വൃത്തിയാക്കുന്ന പരമ്പരാഗത രീതി നിന്നുപോയതും പാരിസ്ഥിതിക ആഘാതത്തിന് കാരണമായി . ജനങ്ങൾ കുളിക്കുകയും വസ്ത്രങ്ങൾ കഴുകയും ഒക്കെ ചെയ്തിരുന്ന ചാലിലെ ജലം ഇപ്പോൾ മലിനമാണ് . അവശേഷിക്കുന്ന തോടും ചാലും പകുതിയിലധികം എക്കലടിഞ്ഞ് പാതി നികന്ന നിലയിലും .
പറയൻ ചാൽ 'മെലിയുമ്പോൾ"
1.വർഷത്തിൽ എട്ടുമാസവും ഗ്രാമവാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ
2.ചേർത്തല നഗരത്തിന്റെ കിഴക്കുനിന്നുള്ള ജലം ഒഴുകിയെത്തുന്നത് പറയൻചാലിൽ
3.മെയ് മുതൽ ഡിസംബർ വരെ വഴികളും വീട്ടുവളപ്പുകളും വെള്ളത്തിലാവും.
4.വർഷാവർഷം വെള്ളക്കെടുതി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്
5.നെൽപ്പാടങ്ങൾ വാങ്ങി നികത്തുന്ന റിയൽ എസ്റ്റേറ്റ് ലോബി പരിസ്ഥിതിയ്ക്ക് ഭീഷണി
തണ്ണീർത്തട ദിനാചരണം
തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് 2, 3 തീയതികളിലായി ജലാശയ പരിസര ശുചീകരണവും
സെമിനാറും സംഘടിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചെറുവള്ളത്തിൽ പറയൻ ചാലിന്റെ വിവിധ കരകളിലെത്തി
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു. പറയൻ ചാലിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരികയും പരിഹാരശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്ന തണ്ണീർത്തട സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ ആർ. സബീഷ് മണവേലിയെ ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്സ് യൂണിയൻ ചെയർ പേഴ്‌സൺ ആർഷ അന്ന പത്രോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ഓൺലൈനായി സംഘടിപ്പിച്ച സെമിനാറിൽ ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരും പങ്കെടുത്തു.ഷാജി മഞ്ജരി ഉദ്ഘാടനം ചെയ്തു. പി.ആർ.രഞ്ജിനി സ്വാഗതം പറഞ്ഞു .ആർ.സബീഷ് അദ്ധ്യക്ഷനായി.ഡെൽസൺ സ്‌ക്കറിയ, ഡോ.ആശാ സിബി എന്നിവർ സംസാരിച്ചു.
തോട് നവീകരണത്തിന് തുടക്കം കുറിച്ച് മാർച്ച് മാസത്തിൽ തോടുത്സവം സംഘടിപ്പിക്കും.
- ടീം പറയൻ ചാൽ പ്രവർത്തകർ
.